‘നികുതി ഭീകരത തുടര്‍ന്നുകൊണ്ടേയിരിക്കുന്നു’, കോണ്‍ഗ്രസിന് ആദായനികുതി വകുപ്പില്‍ നിന്നും വീണ്ടും നോട്ടീസുകള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് വീണ്ടും ആദായനികുതി വകുപ്പില്‍ നിന്ന് രണ്ട് നോട്ടീസ് കൂടി ലഭിച്ചതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസിന് 1,800 കോടിയിലധികം രൂപയുടെ നികുതി നോട്ടീസ് ലഭിച്ചതിന് തൊട്ടുപിന്നാലെ ഇന്നലെ രാത്രി ആദായനികുതി വകുപ്പില്‍ നിന്ന് വീണ്ടും രണ്ട് നോട്ടീസുകള്‍ കൂടി ലഭിച്ചതായി കോണ്‍ഗ്രസ് ശനിയാഴ്ച പറഞ്ഞു.

കോണ്‍ഗ്രസ് നേരിടുന്നത് നികുതി ഭീകരതയാണെന്ന് ആവര്‍ത്തിച്ച ജയറാം രമേശ് പ്രതിപക്ഷ പാര്‍ട്ടികളെ സ്തംഭിപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗ്രഹിക്കുന്നതെന്നും ആരോപിച്ചു.

അതേസമയം, ആദായനികുതി വകുപ്പില്‍ നിന്ന് തനിക്ക് നോട്ടീസ് ലഭിച്ചതായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ അവകാശപ്പെട്ടു. നോട്ടീസ് ലഭിച്ചപ്പോള്‍ താന്‍ ഞെട്ടിപ്പോയെന്നും ബിജെപിക്ക് കോണ്‍ഗ്രസിനെയും ഇന്ത്യാ ബ്ലോക്കിനെയും ഭയമാണെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രതിപക്ഷ പാര്‍ട്ടികളെ സാമ്പത്തികമായി തകര്‍ക്കാന്‍ ‘നികുതി ഭീകരത’ നടത്തുകയാണെന്ന് ആരോപണം ഉയരുന്നുണ്ട്.