
ക്ലാസിനിടെ അടിമ ലേലത്തെ തമാശയായി ചിത്രീകരിക്കുക, വംശീയ അധിക്ഷേപം നടത്തുക, സംഭവം റിപ്പോർട്ട് ചെയ്ത വിദ്യാർത്ഥിയെ പരിഹസിക്കുക തുടങ്ങിയ പ്രവൃത്തികൾക്ക് പിന്നാലെ ടീച്ചർ ശമ്പളത്തോടുകൂടിയ നിർബന്ധിത അവധിയിൽ പ്രവേശിച്ചതായി സ്‌കൂൾ അധികൃതർ അറിയിച്ചു.
ബോസ്റ്റണിന് പടിഞ്ഞാറ് 30 മൈൽ (48 കിലോമീറ്റർ) അകലെയുള്ള സൗത്ത്ബറോയിലെ മാർഗരറ്റ് എ നിയറി എലിമെൻ്ററി സ്കൂളിലെ പ്രസ്തുത ടീച്ചറുടെ പേര് ഉദ്യോഗസ്ഥർ വെളിപ്പെടുത്തിയില്ല.
ഏപ്രിലിൽ വിദ്യാർഥികളുടെ രക്ഷിതാക്കളിൽ നിന്നാണ് ഈ സംഭവങ്ങളെക്കുറിച്ച് താൻ ആദ്യം അറിഞ്ഞതെന്ന് ജില്ലാ സൂപ്രണ്ട് ഗ്രിഗറി മാർട്ടിനോ ഈ ആഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു,
തെക്കൻ കോളനികളുടെ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ചരിത്രപഠനത്തിനിടെ ജനുവരിയിലാണ് ആദ്യത്തെ സംഭവമായ അടിമ ലേലം ചിത്രീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. അടിമ ലേലത്തെ തമാശയായി കണക്കാക്കുന്ന നാടകം പോലെ ഒന്ന് ക്ളാസിൽ ടീച്ചർ നിർബന്ധിച്ച് അവതരിപ്പിച്ചു. രണ്ട് കറുത്തവർഗക്കാരായ കുട്ടികളെയാണ് അടിമകളായി ചിത്രീകരിച്ചത്.
“ടീച്ചർ ക്ലാസിൽ മുന്നിൽ ഇരിക്കുന്ന, കറുത്തവർഗക്കാരായ രണ്ട് കുട്ടികളോട് എഴുന്നേറ്റ് നിൽക്കാൻ ആവശ്യപ്പെട്ടു. അധ്യാപകനും ക്ലാസിലെ മറ്റ് കുട്ടികളും പല്ല് ഉൾപ്പെടെ ശാരീരിക സവിശേഷതകളെക്കുറിച്ച് വിസ്തരിച്ചു,” പ്രസ്താവനയിൽ പറഞ്ഞു.
ഇത്തരത്തിലുള്ള അധ്യാപന രീതികൾ അനുചിതവും ഇരകളുടെ അനുഭവത്തെ നിസ്സാരവൽക്കരിക്കുന്നതും കറുത്തവർഗക്കാരായ വിദ്യാർത്ഥികൾക്ക് ആഘാതകരവുമാണെന്ന് അദ്ദേഹം പറഞ്ഞു.
ഏപ്രിലിൽ, ടീച്ചർ ഒരു പുസ്തകം ഉറക്കെ വായിക്കുന്നതിനിടെ പുസ്തകത്തിലില്ലാത്ത അപകീർത്തിപരമായ ചില വാക്കുകൾ ഉപയോഗിച്ചു. അത്തരം മനുഷ്യത്വരഹിതമായ വാക്കുകൾ ജീവനക്കാരോ വിദ്യാർത്ഥികളോ സംസാരിക്കാൻ പാടില്ലാത്തതാണെന്ന് മാർട്ടിനോ മാതാപിതാക്കൾക്കുള്ള പ്രസ്താവനയിൽ പറയുന്നു.
ഈ രണ്ട് സംഭവങ്ങളെ കുറിച്ച് പുറത്തു പറഞ്ഞ ഒരു വിദ്യാർഥിയോടും ടീച്ചർ മോശമായി പ്രതികരിച്ചു. തുടർന്ന് ഔപചാരിക അന്വേഷണം ആരംഭിച്ചതായും ടീച്ചർ നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. സ്കൂൾ പ്രിൻസിപ്പൽ കാത്‌ലീൻ വാലൻ്റിയയും ഈ മാസം 10 ദിവസത്തേക്ക് ശമ്പളത്തോടുകൂടിയ അവധിയിൽ പ്രവേശിപ്പിച്ചതായി സൂപ്രണ്ട് അറിയിച്ചു.
രക്ഷിതാക്കൾക്ക് അദ്ധ്യാപകരെയും പ്രിൻസിപ്പലിനെയും കണ്ട് രണ്ട് സംഭവങ്ങളെ കുറിച്ച് കൂടുതലറിയാൻ അവസരമുണ്ടെന്നും, സുതാര്യത പുലർത്താനും തെറ്റുകളിൽ നിന്ന് പാഠം പഠിക്കാനും സ്‌കൂൾ ശ്രമിക്കുന്നതായും സൂപ്രണ്ട് പറഞ്ഞു.














