വിമാനയാത്രയിലെ ചിത്രത്തിൽ വിശദീകരണവുമായി തേജസ്വി, ‘വ്യാഖ്യാനങ്ങൾ വേണ്ട, നിതീഷ് വിളിച്ച് അടുത്തിരുത്തിയത്’

ദില്ലി: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെയും മുൻ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന്‍റെയും ദില്ലിയിലേക്കുള്ള വിമാന യാത്രക്കിടയിലെ ചിത്രത്തിൽ വിശദീകരണവുമായി തേജസ്വി തന്നെ രംഗത്തെത്തി. ചിത്രത്തെക്കുറിച്ച് വ്യാഖ്യാനങ്ങൾ വേണ്ടെന്നും യാത്രക്കിടെ കണ്ടപ്പോൾ നിതീഷ് കുമാർ വിളിച്ച് അടുത്തിരുത്തിയതാണെന്നാണ് തേജസ്വിയുടെ വിശദീകരണം. അതിൽ കൂടുതൽ ഒന്നുമില്ലെന്നും ആർ ജെ ഡി നേതാവ് വിവരിച്ചു.

നേരത്തെ ദില്ലിയിൽ ചേരുന്ന എൻ ഡി എ യോഗത്തിനായി നിതീഷും ഇന്ത്യ മുന്നണിയുടെ യോഗത്തിനായി തേജസ്വിയും ഒരേ വിമാനത്തിലാണ് യാത്ര ചെയ്തത്. ആദ്യം മുന്നിലും പിന്നിലുമായുള്ള സീറ്റുകളിലായിരുന്നു ഇവരുടെ യാത്ര. എന്നാൽ പിന്നീട് നിതീഷും തേജസ്വിയും അടുത്തടുത്ത സീറ്റുകളിലിരിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു. ഈ രണ്ട് ചിത്രങ്ങളും പുറത്തുവന്നതോടെയാണ് എന്താകും ഇവർ ചർച്ച നടത്തിയതെന്ന ആകാംക്ഷ ഉയർന്നത്. മുന്നണി മാറ്റത്തിന്‍റെ സൂചന പോലും അഭ്യൂഹങ്ങളായി.ദില്ലിയിൽ വിമാനമിറങ്ങിയ ശേഷമുള്ള തേജസ്വി യാദവിന്‍റെ പ്രതികരണവും ആകാംക്ഷ വർധിപ്പിക്കുന്നതായിരുന്നു. അൽപം ക്ഷമിക്കൂ, എല്ലാം കാത്തിരുന്നു കാണാമെന്നായിരുന്നു തേജസ്വി പറഞ്ഞത്. ചിത്രം വലിയ ചർച്ചയാകുന്നതിനിടയിലാണ് ഇപ്പോൾ വിശദീകരണവുമായി തേജസ്വി തന്നെ രംഗത്തെത്തിയത്.

Also Read

More Stories from this section

family-dental
witywide