ഹലോ ഫ്രണ്ട്‌സ്…മീനല്ല, ഓറഞ്ച്! പുതിയ വീഡിയോയുമായി തേജസ്വി യാദവ്

ന്യൂഡല്‍ഹി: നവരാത്രി വേളയില്‍ ഹെലികോപ്ടറിലിരുന്ന് മീന്‍ കഴിക്കുന്ന വീഡിയോ പങ്കുവെച്ച് പുലിവാല് പിടിച്ച ആര്‍ജെഡി നേതാവ് തേജസ്വി യാദവ് വലിയ വിവാദമായിരുന്നു കഴിഞ്ഞ ദിവസം സൃഷ്ടിച്ചത്. ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായി അദ്ദേഹം വീണ്ടും എത്തിയിരിക്കുകയാണ്. ഇത്തവണ മീനല്ല, ഓറഞ്ചാണ് കഴിക്കുന്നത്. ഇത് സ്വയം ന്യായീകരിക്കാനും വിവാദങ്ങള്‍ തണുപ്പിനുമുള്ള ശ്രമമായാണ് വിലയിരുത്തപ്പെടുന്നത്.

‘ഹലോ ഫ്രണ്ട്‌സ്, ഇന്ന് ഹെലികോപ്റ്ററില്‍ ഒരു ഓറഞ്ച് പാര്‍ട്ടി ഉണ്ടായിരുന്നു, ഓറഞ്ച് കളര്‍ അവരെ പ്രകോപിപ്പിക്കില്ല, അല്ലേ?’എന്ന് കുറിച്ചുകൊണ്ടാണ് പുതിയ വീഡിയോ എത്തിയിരിക്കുന്നത്. ഇന്നലെ രാത്രിയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വി യാദവിനൊപ്പം മുന്‍ മന്ത്രി മുകേഷ് സാഹ്നിയും ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നു. തജസ്വി തിരക്കിട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണിപ്പോള്‍.

കഴിഞ്ഞ ദിവസം ഹെലികോപ്ടറിലിരുന്ന് മത്സ്യവിഭവം കഴിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച തേജസ്വി യാദവിനെതിരെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. സസ്യാഹാരം പിന്തുടരുന്ന 10 ദിവസത്തെ നവരാത്രി വ്രതം ആരംഭിച്ചിരിക്കുകയാണെന്നും അപ്പോള്‍ മാംസാഹാരം കഴിച്ചത് ശരിയായില്ലെന്നുമാണ് പ്രതിഷേധക്കാരുടെ പ്രധാന ചൂണ്ടിക്കാട്ടല്‍. എന്നാല്‍ സംഭവം വിവാദമാകുകയും പ്രതിഷേധം കനക്കുകയും ചെയ്തതോടെ നേതാവ് തന്നെ തിരുത്തലുമായി രംഗത്തെത്തുകയായിരുന്നു. നവരാത്രി ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പുള്ള ഏപ്രില്‍ 8 നുള്ള വീഡിയോയാണ് തന്റെ പോസ്റ്റില്‍ പരാമര്‍ശിച്ചിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി നേതാവ് തിരിച്ചടിച്ചു.

More Stories from this section

family-dental
witywide