
ന്യൂഡല്‍ഹി: ടെലിഗ്രാം മെസേജിംഗ് ആപ്പിന്റെ സിഇഒയും ശതകോടീശ്വരനുമായ പാവേല്‍ ദുരോവിനെ ഫ്രാന്‍സില്‍വെച്ച് അറസ്റ്റ് ചെയ്തു. ശനിയാഴ്ച വൈകുന്നേരം ദുരോവ് തന്റെ സ്വകാര്യ ജെറ്റില്‍ ഫ്രാന്‍സില്‍ എത്തിയപ്പോഴാണ് ബര്‍ഗെറ്റ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റുണ്ടായത്. അന്വേഷണത്തിന്റെ ഭാഗമായി ഫ്രാന്‍സില്‍ അദ്ദേഹത്തിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ടെലിഗ്രാമില്‍ നിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലാത്തത് ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുന്നുവെന്ന പരാതിയില്‍ അന്വേഷണം നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് അറസ്റ്റെന്നാണ് സംശയം. 39 കാരനായ ഇദ്ദേഹത്തിന്റെ അറസ്റ്റില്‍ ടെലിഗ്രാം ഇതുവരെ പ്രതികരിച്ചിട്ടില്ല. മാത്രമല്ല, ഫ്രഞ്ച് ആഭ്യന്തര മന്ത്രാലയവും പൊലീസും ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിട്ടില്ല.
ഫേസ്ബുക്കിന്റെ വാട്ട്സ്ആപ്പ്, ഇന്‍സ്റ്റാഗ്രാം, ടിക്ടോക്ക്, വീചാറ്റ് തുടങ്ങിയ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുമായി മത്സരിക്കുന്ന, സൗജന്യമായി ഉപയോഗിക്കാവുന്ന പ്ലാറ്റ്ഫോമായ മെസേജിംഗ് ആപ്ലിക്കേഷന്റെ സ്ഥാപകനും ഉടമയുമാണ് റഷ്യയില്‍ ജനിച്ച ദുരോവ്. റഷ്യ, ഉക്രെയ്ന്‍ എന്നിവിടങ്ങളില്‍ ടെലിഗ്രാമിന് സ്വാധീനമുണ്ട്. ഉക്രെയ്‌നിലെ റഷ്യയുടെ യുദ്ധത്തെക്കുറിച്ചുള്ള വിവരങ്ങളുടെ നിര്‍ണായക ഉറവിടമാണിത്. ഇത് റഷ്യയിലെയും യുക്രെയിനിലെയും ഉദ്യോഗസ്ഥര്‍ വളരെയധികം ഉപയോഗിക്കുന്നു.