പത്തുവയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊലപ്പെടുത്തി; തല തല്ലിത്തകര്‍ത്തു

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തല തല്ലിത്തകര്‍ത്ത നിലയിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഡല്‍ഹി നരേലിയിലാണ് രാജ്യ മനസാക്ഷിയെ നടുക്കിയ സംഭവം.

സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ വീടിന് സമീപമുള്ള രാഹുല്‍, ദേവദത്ത് എന്നിവരാണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ച ശേഷം വീടിന് പുറത്തിറങ്ങിയ പെണ്‍കുട്ടിയെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയായിരുന്നു. ബലാത്സംഗത്തിനിരയാക്കിയ ശേഷം തല തകര്‍ത്ത് കൊലപ്പെടുത്തുകയും ചെയ്തു.

സമീപത്തെ ഫാക്ടറിയിലെ ജീവനക്കാരാണ് അറസ്റ്റിലായ രണ്ടുപേരും. രാഹുലാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സ്ഥലം പോലീസിന് കാണിച്ചു കൊടുത്തത്. പിടിയിലായവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.