ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലെ സുരന്‍കോട്ട് മേഖലയില്‍ വ്യോമസേനയുടേതുള്‍പ്പെടെ രണ്ട് വാഹനങ്ങള്‍ക്ക് നേരെ ഭീകരാക്രമണം. ദാരുണമായ ആക്രമണത്തില്‍ ഒരു വ്യോമസേനാ സൈനികന് വീരമൃത്യു. അഞ്ചു പേര്‍ക്ക് പരിക്ക്. പരിക്കേറ്റ അഞ്ച് പേരില്‍ ഒരു എയര്‍മാന്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ചികിത്സയ്ക്കായി എല്ലാവരെയും എയര്‍ലിഫ്റ്റ് ചെയ്ത് ഉധംപൂരിലെ കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം സൈന്യത്തിന് നേരെ തുടര്‍ച്ചയായ ഭീകരാക്രമണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച മേഖലയില്‍ ഈ വര്‍ഷം സായുധ സേനയ്ക്ക് നേരെ നടക്കുന്ന ആദ്യത്തെ വലിയ ആക്രമണമാണിത്.
പ്രാദേശിക രാഷ്ട്രീയ റൈഫിള്‍സ് യൂണിറ്റ് പ്രദേശത്ത് തിരച്ചില്‍ ആരംഭിച്ചതായി സുരക്ഷാ സേനയുടെ വൃത്തങ്ങള്‍ അറിയിച്ചു. പൂഞ്ച് ജില്ലയില്‍ ഷാസിതാറിന് സമീപമാണ് ഭീകരര്‍ വാഹനത്തിനു നേരെ വെടി ഉതിര്‍ത്തതും ആക്രമണം നടത്തിയതും. ആക്രമിക്കപ്പെട്ട തങ്ങളുടെ വാഹനവ്യൂഹം സുരക്ഷിതമാക്കിയതായി അധികൃതര്‍ അറിയിച്ചു. പ്രദേശത്ത് ഇപ്പോള്‍ പ്രാദേശിക സൈനിക യൂണിറ്റുകള്‍ സുരക്ഷാ വലയം തീര്‍ത്തിട്ടുണ്ട്. തിരച്ചിലും നടക്കുന്നുണ്ട്. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. സൈനികര്‍ ഐഎഎഫ് കേന്ദ്രത്തിലേക്ക് പോകുന്നതിനിടെയാണ് പതിയിരുന്ന് ആക്രമണമുണ്ടായത്. ആക്രമണത്തിനു ശേഷമുള്ള ദൃശ്യങ്ങളില്‍ വാഹനത്തിന്റെ വിന്‍ഡ്സ്‌ക്രീനില്‍ കുറഞ്ഞത് ഒരു ഡസന്‍ ബുള്ളറ്റ് പതിച്ച ദ്വാരങ്ങളെങ്കിലും വ്യക്തമാണ്. മെയ് 25 ന് ആറാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന അനന്ത്‌നാഗ്-രജൗരി പാര്‍ലമെന്റ് മണ്ഡലത്തിന്റെ ഭാഗമാണ് പൂഞ്ച്.