
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനു(ഇവിഎം)കളെ ഹാക്ക് ചെയ്യാനാകുമെന്ന അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെ വാദം ചൂടുപിടിപ്പിച്ച ചര്‍ച്ചകള്‍ ഇനിയും അവസാനിക്കുന്നില്ല. ഇന്ത്യയിലെ ഇവിഎമ്മുകള്‍ ഹാക്ക് ചെയ്യാനാകില്ലെന്ന മുന്‍ ഐടി മന്ത്രി രാജീവ് ചന്ദ്ര ശേഖറിന്റെ മറുപടിക്ക് എന്തും ഹാക്ക് ചെയ്യാനാകുമെന്നാണ് മസ്‌ക് പറഞ്ഞത്. രാഹുല്‍ ഗാന്ധികൂടി മസ്‌കിനെ പിന്തുണച്ച് സംസാരിച്ചതോടെ ആളിക്കത്തിയ വിഷയത്തില്‍ വീണ്ടും എണ്ണയൊഴിച്ച് രാജീവ് ചാന്ദ്രശേഖര്‍ എത്തിയിരിക്കുന്നു. അങ്ങനെയെങ്കില്‍ ‘എല്ലാ ടെസ്ല കാറുകളും ഹാക്ക് ചെയ്യപ്പെടാം’ എന്നാണ് അദ്ദേഹം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞത്.
‘എല്ലാം ഹാക്ക് ചെയ്യാന്‍ കഴിയും’ എന്ന മസ്‌കിന്റെ അവകാശവാദത്തോട് പ്രതികരിച്ചുകൊണ്ടാണ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാം ഭരണകാലത്ത് കേന്ദ്ര ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയത്തിന്റെ തലവനായ ചന്ദ്രശേഖര്‍ ഇത്തരത്തിലൊരു അഭിപ്രായം പറഞ്ഞത്.
മസ്‌ക് പറഞ്ഞത് വസ്തുതാപരമായി തെറ്റാണെന്ന് താന്‍ കരുതുന്നുവെന്നും ‘ഒരു കാല്‍ക്കുലേറ്ററോ ടോസ്റ്ററോ ഹാക്ക് ചെയ്യാന്‍ കഴിയില്ലെന്നും അതിനാല്‍, ഈ ഹാക്കിംഗിന്റെ മാതൃക എവിടെ വരെ വ്യാപിക്കുമെന്നതിന് പരിധിയുണ്ടെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. ഇലോണ്‍ മസ്‌ക് പറഞ്ഞത് വസ്തുതാപരമായി തെറ്റാണ്. ലോകത്ത് സുരക്ഷിതമായ ഒരു ഡിജിറ്റല്‍ ഉല്‍പ്പന്നം ഉണ്ടാകില്ലെന്ന് അവകാശപ്പെടുന്നത് എല്ലാ ടെസ്ല കാറും ഹാക്ക് ചെയ്യാന്‍ കഴിയുമെന്നാണ് വ്യക്തമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല, ‘ഇന്ത്യന്‍ ഇവിഎം എന്താണെന്ന് എലോണ്‍ മസ്‌കിന് മനസ്സിലായിട്ടില്ലെന്നും ഇന്ത്യന്‍ ഇവിഎമ്മുകള്‍ ഹാക്ക് ചെയ്യപ്പെടാന്‍ സമ്മതിക്കില്ല, കാരണം അവ വളരെ പരിമിതമായ ഇന്റലിജന്‍സ് ഉപകരണമാണെന്നും അദ്ദേഹം വിശദീകരിച്ചു.