ചൈനയിൽ അപ്രതീക്ഷിത സന്ദർശനവുമായി മസ്ക്, ഡാറ്റ സുരക്ഷയിൽ പ്രശ്ന പരിഹാരത്തിന് ശ്രമം

ബീജിംഗ്: ചൈനയിൽ അപ്രതീക്ഷിത സന്ദർശനവുമായി ടെസ്ല മേധാവി ഇലോൺ മസ്ക്. ചൈനീസ് വിപണിയിൽ ടെസ്‌ല ഇലക്ട്രിക് വാഹനങ്ങൾ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാനാണ് ഇലോൺ മസ്ക് ചൈനയിൽ സന്ദർശനത്തിനെത്തിയത്. ചൈനീസ് കമ്പനികളുടെ മത്സരവും വില്പനയിലുണ്ടായ ഇടിവും നികത്താൻ ഡേറ്റാ സെക്യൂരിറ്റി മാനദണ്ഡങ്ങളിലെ ഇളവുകൾ ലക്ഷ്യമിട്ടാണ് മസ്ക് ചൈനയിലെത്തിയതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ടെസ്‌ല വാഹനങ്ങളിലെ ഫുൾ സെൽഫ് ഡ്രൈവിംഗ് സോഫ്റ്റ്‌വെയർ അവതരിപ്പിക്കാൻ ചൈനീസ് ടെക് ഭീമനായ ബെയ്‌ഡുവുമായി ധാരണയിലെത്തിയെന്നാണ് സൂചന. എന്നാൽ, വാർത്തകളോട് ഇരു കമ്പനികളും പ്രതികരിച്ചിട്ടില്ല. ചൈനയുടെ ഡേറ്റാ സുരക്ഷാ ആശങ്കകൾ മൂലം ഫുൾ സെൽഫ് ഡ്രൈവിംഗ് സോഫ്റ്റ്‌വെയർ അവതരിപ്പിക്കാൻ ടെസ്‌ലയ്ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. ചൈനീസ് ഡേറ്റ രാജ്യത്തിനുള്ളിൽ തന്നെ കൈകാര്യം ചെയ്യണമെന്നായിരുന്നു ടെസ്‌ലയ്ക്ക് നൽകിയിരുന്ന നിർദ്ദേശം.

ചില ഡേറ്റകൾ ചൈനയ്ക്ക് പുറത്തുകൊണ്ട് പോകുന്നത് സംബന്ധിച്ച് ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാംഗുമായി ഞായറാഴ്ച മസ്ക് ചർച്ച നടത്തിയിരുന്നു. ഇത് അംഗീകരിച്ചാൽ ചൈനീസ് വിപണിയിൽ ഒരു വിദേശ വാഹന നിർമ്മാതാവിന് ലഭിക്കുന്ന ഏറ്റവും വലിയ വഴിത്തിരിവാകും മസ്കിന് ലഭിക്കുക.

ഈ മാസം 21ന് നടക്കേണ്ടിയിരുന്ന ഇന്ത്യാ സന്ദർശനം ടെസ്‌ലയിലെ ഭാരിച്ച ജോലികൾ മൂലം മസ്ക് മാ​റ്റിവച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയും ഇന്ത്യയിലെ ടെസ്‌ല വൈദ്യുതി കാർ പദ്ധതി പ്രഖ്യാപനവുമായിരുന്നു മസ്ക് ലക്ഷ്യമിട്ടിരുന്നത്.

Tesla chief Elon Musk visits china

More Stories from this section

family-dental
witywide