
ദീര്‍ഘകാലമായി കാത്തിരുന്ന റോബോടാക്സി ഓഗസ്റ്റ് 8 ന് ലോഞ്ച് ചെയ്യുമെന്ന് ടെസ്ല സിഇഒ എലോണ്‍ മസ്‌ക്. എക്‌സിലൂടെയാണ് മസ്‌കിന്റെ പ്രഖ്യാപനം എത്തിയിരിക്കുന്നത്.
2020-ഓടെ റോബോടാക്സിസിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി 2019 ഏപ്രിലില്‍ ടെസ്ല പറഞ്ഞിരുന്നു. എന്നാല്‍ പിന്നീടത് നീളുകയായിരുന്നു. പുതുതായി വരാന്‍പോകുന്ന വാഹനങ്ങള്‍ 11 വര്‍ഷം ആയുസ് ഉള്ളവയായിരിക്കുമെന്നും 16ലക്ഷം കീലോമീറ്ററുകള്‍ ഓടുകയും 30,000 ഡോളര്‍ (ഏകദേശം 25,00,000 രൂപ) ലാഭം നേടുകയും ചെയ്യുമെന്നും കാറിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു.
മനുഷ്യ നിയന്ത്രണമില്ലാതെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു കാര്‍ ടെസ്ല നിര്‍മ്മിക്കുമെന്ന് മസ്‌ക് നേരത്തെ പറഞ്ഞിരുന്നു. ഫുള്‍ സെല്‍ഫ്-ഡ്രൈവിംഗ് (FSD) ശേഷിയുള്ള കമ്പനി മോഡലുകള്‍, സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകളിലൂടെ, ക്രമേണ ഡ്രൈവിംഗില്‍ മികച്ച പെര്‍ഫോമന്‍സിലേക്ക് എത്തുമെന്നും മസ്‌ക് പറഞ്ഞിരുന്നു. എഫ്എസ്ഡി സജ്ജീകരിച്ച ടെസ്ല വാഹനങ്ങളുടെ ഉടമകള്‍ക്ക് അവരുടെ കാറുകള്‍ റോബോടാക്സിയായി ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
നിലവില്‍, ടെസ്ല മോഡല്‍ 3-ല്‍ ഫുള്‍ സെല്‍ഫ്-ഡ്രൈവിംഗ് ശേഷി ലഭ്യമാണ്. എന്നിരുന്നാലും കാറിന്റെ യഥാര്‍ത്ഥ വിലയേക്കാള്‍ 12,000 അമേരിക്കന്‍ ഡോളര്‍ അധികമായി നല്‍കിയാല്‍ എഫ്എസ്ഡി സവിശേഷത ലഭ്യമാകും. പ്രതിമാസം 199 അമേരിക്കന്‍ ഡോളര്‍ നല്‍കി സബ്സ്‌ക്രിപ്ഷനിലൂടെയും സവിശേഷത ഉപയോഗിക്കാനുള്ള ഓപ്ഷനുണ്ട്.