
ന്യൂഡല്‍ഹി: തടവിലാക്കപ്പെട്ട മുന്‍ തായ് പ്രധാനമന്ത്രി തക്സിന്‍ ഷിനവത്രയെ ഉടന്‍ മോചിപ്പിക്കും. തായ്‌ലന്റ് നീതിന്യായ മന്ത്രിയാണ് ചൊവ്വാഴ്ച ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഈ വാരാന്ത്യത്തില്‍ തന്നെ മോചനം സാധ്യമായേക്കും. വിവാദ കോടീശ്വരനായ ഇദ്ദേഹം രണ്ടുതവണ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെടുകയും 2006 ലെ സൈനിക അട്ടിമറിയിലൂടെ പുറത്താക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന് നാടുവിട്ട ഇദ്ദേഹം ശിക്ഷ അനുഭവിക്കാതെ പ്രവാസിയായി കഴിയുകയായിരുന്നു.
എന്നാല്‍, തായ്‌ലന്റ് രാഷ്ടീയത്തില്‍ പ്രബലനായ നേതാവായ ഷിനവത്ര നീണ്ട 15 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു ശേഷം കഴിഞ്ഞ 2023 ഓഗസ്റ്റില്‍ തായ്‌ലന്റിലേക്ക് മടങ്ങിയെത്തുകയും ജയില്‍പ്പോകുകയുമായിരുന്നു. എട്ടുവര്‍ഷത്തെ ജയില്‍ശിക്ഷ കോടതി വിധിച്ചെങ്കിലും പിന്നീട് ശിക്ഷയില്‍ ഇളവു ലഭിക്കുകയും അത് ഒരു വര്‍ഷമായി കുറയ്ക്കുകയുമായിരുന്നു. എന്നാലിപ്പോള്‍ ശിക്ഷ അനുഭവിച്ച് ആറുമാസം പിന്നിടുമ്പോഴാണ് മോചനം സാധ്യമാകുന്നത്.
മാപ്പ് നല്‍കി ജയില്‍ മോചിതരാകുന്ന 930 തടവുകാരില്‍ ഷിനവത്രയെക്കൂടാതെ, മുന്‍ മാഞ്ചസ്റ്റര്‍ സിറ്റി ഉടമയും ഉള്‍പ്പെടുമെന്ന് നീതിന്യായ മന്ത്രി തവീ സോഡ്സോങ് ചൊവ്വാഴ്ച പറഞ്ഞു.