നിറഞ്ഞ ഹൃദയത്തോടെ നന്ദി : ഡോ. കല ഷഹി

കഴിഞ്ഞ രണ്ട് വര്‍ഷം ഫെഡറേഷന്‍ ഓഫ് കേരളം അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന)യ്‌ക്കൊപ്പം സഞ്ചരിച്ച എനിക്ക് അമേരിക്കന്‍ മലയാളികളും ഫൊക്കാന പ്രവര്‍ത്തകരും , സഹപ്രവര്‍ത്തകരും നല്‍കിയ സ്‌നേഹത്തിന് ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുകയാണ്. 2022 ജൂലൈ ഫ്‌ളോറിഡയില്‍ ഡോ. ബാബു സ്റ്റീഫന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി ഫൊക്കാനയുടെ അധികാരം ഏറ്റെടുക്കുമ്പോള്‍ ജനറല്‍ സെക്രട്ടറി പദത്തില്‍ രണ്ട് വര്‍ഷം പ്രവര്‍ത്തിക്കുവാന്‍ കഴിഞ്ഞത് സംഘടനാ പ്രവര്‍ത്തന രംഗത്തെ അതുല്യ നിമിഷങ്ങള്‍ ആയിരുന്നു എന്നതില്‍ സംശയമില്ല. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കും അടുക്കും ചിട്ടയും ഉണ്ടാകുവാന്‍ തുടക്കം മുതല്‍ ശ്രദ്ധിക്കുകയും ചെയ്തിട്ടുണ്ട്.

ഫൊക്കാനയ്ക്ക് ഒരു ആഗോള സംഘടന എന്ന നിലയില്‍ പേരും പെരുമയും നല്‍കുവാന്‍ ആയതില്‍ നിറഞ്ഞ സന്തോഷമുണ്ട്. ന്യൂയോര്‍ക്കില്‍ കൊളുത്തിയ തിരിയുടെ പ്രകാശവും സുഗന്ധവും അമേരിക്കയിലും കാനഡയിലും കേരളത്തിലുമുള്ള വിവിധ പ്രദേശങ്ങളില്‍ പരത്തി വാഷിംഗ്ടണ്‍ ഡിസിയില്‍ എത്തിയപ്പോഴും വിവിധ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടത്തിയതിന്റെ ചാരിതാര്‍ത്ഥ്യവും ഉണ്ടായിരുന്നു. പ്രഖ്യാപിച്ച എല്ലാ പദ്ധതികളും സമയബന്ധിതമായി നടപ്പില്‍വരുത്തുവാനും അപ്രതീക്ഷിതമായ ഏറ്റെടുത്ത പദ്ധതികള്‍ക്ക് ഒരു മാതൃകയായ തുടക്കമായി മാറുവാനും കഴിഞ്ഞു എന്നത് അഭിമാനമാണ്. പ്രധാനമായും കഴിഞ്ഞ രണ്ട് വര്‍ഷവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ നല്‍കിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലും , അമേരിക്കന്‍ യുവതയ്ക്ക് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പ്രാമുഖ്യം നല്‍കുന്നതിനായി രണ്ട് മികച്ച സ്‌കോളര്‍ഷിപ്പ് പദ്ധതികളും തുടങ്ങുന്നതിന് സഹകരിച്ചു നിന്നു പ്രവര്‍ത്തിക്കാന്‍ സാധിച്ചു. നിര്‍ധനരും അശരണരുമായ പത്തിലധികം കുടുംബങ്ങള്‍ക്ക് അടച്ചുറപ്പുള്ള വീടും , വിദ്യാഭ്യാസ സഹായം , സ്വയം തൊഴില്‍ കണ്ടെത്താനുള്ള സഹായവും നല്‍കിയപ്പോള്‍ അവയെ കേരള ജനത പ്രതീക്ഷയോടെ ആണ് സ്വീകരിച്ചത്.’

എന്നാല്‍ സമീപകാലത്തുണ്ടായ കുവൈറ്റ് തീപിടുത്ത ദുരന്തത്തില്‍ മരിച്ച മലയാളി സുഹൃത്തുക്കളുടെ 25 കുടുംബങ്ങള്‍ക്ക് 2 ലക്ഷം രൂപ വീതം ഫൊക്കാന പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫന്‍ നല്‍കുകയുണ്ടായി. ഒരു മനുഷ്യന്റെ ആത്യന്തികമായ പ്രയാസങ്ങള്‍ക്കൊപ്പം ഫൊക്കാനയ്ക്ക് നില്‍ക്കാനായത് ഈ സംഘടനയുടെ മഹത്വമല്ലാതെ മറ്റെന്ത് പറയാന്‍ – ഫൊക്കാനയ്ക്ക് വേണ്ടി ആ സഹായം പ്രഖ്യാപിച്ച പ്രസിഡന്റ് ഡോ. ബാബു സ്റ്റീഫനെ ഹൃദയം നിറഞ്ഞ് അഭിനന്ദിക്കട്ടെ. ഒപ്പം ട്രഷറര്‍ ആയി പ്രവര്‍ത്തിച്ച ബിജു കൊട്ടാരക്കര , കമ്മിറ്റി അംഗങ്ങള്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍, അംഗങ്ങള്‍, അതിലുപരി ജനറല്‍ ബോഡി അംഗങ്ങള്‍ എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും അറിയിക്കുന്നു.

ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച കാലയളവില്‍ ചില നിര്‍ബന്ധങ്ങള്‍ക്ക് വഴങ്ങിയും ഒരു തുടര്‍ച്ച എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നതിനും 2024- 2026 കാലയളവില്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായും മത്സരിക്കേണ്ടി വന്നു. ഒരു പ്രൊഫഷണല്‍ ടീമിനെ രൂപീകരിച്ച് ശക്തമായും സത്യസന്ധമായും പ്രവര്‍ത്തിക്കുകയും മികച്ച രീതിയില്‍ ടീമിനു വേണ്ടി നിരവധി തെരഞ്ഞെടുപ്പ് പരിപാടികള്‍ സംഘടിപ്പിക്കുകയും സജീവമായ പ്രചരണ രംഗത്ത് പ്രവര്‍ത്തിക്കുകയും ചെയ്തു. പക്ഷെ തെരഞ്ഞെടുപ്പില്‍ ഞാന്‍ നയിച്ച ടീമിന്റെ കൂടെയായിരുന്നില്ല വിജയം. ഇലക്ഷന്‍ ഫലത്തിനെക്കുറിച്ചും അതിന്റെ വിശദാംശങ്ങളിലേക്കും ഉള്ള പുതിയചര്‍ച്ചകള്‍ക്ക് തുടക്കമിടാനോ ഒന്നും ഞാന്‍ ഇപ്പോള്‍ തയ്യാറാകുന്നില്ല. എന്റെ കലാപ്രവര്‍ത്തനങ്ങള്‍, ഔദ്യോഗിക ജീവിതം എന്നിവയില്‍ ശ്രദ്ധ വെയ്ക്കുന്നതോടൊപ്പം പ്രാദേശിക സംഘടനാ പ്രവര്‍ത്തനങ്ങളും തുടരും. സെക്രട്ടറിയായും , പ്രസിഡന്റായി മത്സരിച്ചപ്പോഴും പ്രോത്സാഹിപ്പിക്കുകയും ഒപ്പം നില്‍ക്കുകയും ചെയ്ത ടീം ലെഗസി അംഗങ്ങളും അവരുടെ കുടുംബങ്ങളും, വാഷിംഗ്ടണിലെയും മറ്റു സംസ്ഥാനങ്ങളിലെയും പ്രത്യേകിച്ച് കാനഡയിലെയും സുഹൃത്തുകള്‍ , വോട്ടു നല്‍കിയവര്‍, പ്രതിസന്ധികളില്‍ തണലായ ചില നല്ല മനുഷ്യര്‍, സാമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍, അമേരിക്കയിലേയും, കേരളത്തിലേയും അച്ചടി, ദൃശ്യ മാധ്യമങ്ങള്‍ , മാധ്യമ സുഹൃത്തുക്കള്‍ , ഒപ്പം ഉണ്ടായിരുന്നവര്‍ , എന്റെ കൂടെ നിന്ന ടീം ലെഗസിയും അവരുടെ കുടുംബാംഗങ്ങളും, ഔദ്യോഗിക സുഹൃത്തുക്കള്‍ എല്ലാവരോടും നന്ദി.. ഹൃദയം നിറഞ്ഞ നന്ദി.

More Stories from this section

family-dental
witywide