
ന്യൂഡല്‍ഹി: യുകെയിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി വന്‍ വിജയം നേടിയതിന് പിന്നാലെ ബി.ജെ.പിയെ ട്രോളി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ഇന്ത്യയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 400 ല്‍ അധികം സീറ്റുകള്‍ നേടി മികച്ച വിജയത്തിലേക്കെത്തുമെന്ന് അമിത ആത്മവിശ്വാസം പ്രകടിപ്പിച്ച മോദി ‘അബ് കി ബാര്‍ 400 പാര്‍’ എന്ന് പറഞ്ഞാണ് പ്രചാരണം കൊഴുപ്പിച്ചത്.
ലോക്സഭാ തിരഞ്ഞെടുപ്പിലുടനീളം ബിജെപിയുടെ മുദ്രാവാക്യമായിരുന്നു ‘തീസ്രി ബാര്‍ മോദി സര്‍ക്കാര്‍, അബ്കി ബാര്‍ 400 പാര്‍’ (മൂന്നാം തവണയും മോദി സര്‍ക്കാര്‍, ഇത്തവണ 400 കടക്കും) എന്നത്.
എന്നാല്‍ ഫലം വന്നപ്പോള്‍ മനക്കോട്ടകള്‍ തകര്‍ന്ന് എന്‍ഡിഎ 293ലേക്ക് കൂപ്പുകുത്തിയിരുന്നു. ബിജെപിയാകട്ടെ 240 സീറ്റുകള്‍ നേടി, ഇതുപക്ഷേ ഒറ്റയ്ക്ക് സര്‍ക്കാര്‍ ഉണ്ടാക്കാനാകാത്ത സ്ഥിതിയിലേക്കാണ് പാര്‍ട്ടിയെ എത്തിച്ചത്. ഇതോടെ സഖ്യ കക്ഷികളുടെ കനിവിലാണ് സര്‍ക്കാര്‍ രൂപീകരണം നടന്നത്. ഇതിനെയാണ് തരൂര്‍ പരിഹസിച്ചത്.
കോണ്‍ഗ്രസ് 99 സീറ്റുകള്‍ നേടിയപ്പോള്‍ ഇന്ത്യ ബ്ലോക്കിന് 234 സീറ്റുകള്‍ ലഭിച്ചു. വോട്ടെടുപ്പിന് ശേഷം രണ്ട് സ്വതന്ത്ര എംപിമാര്‍ കോണ്‍ഗ്രസിന് പിന്തുണ വാഗ്ദാനം ചെയ്തു, ഇത് ഇന്ത്യന്‍ ബ്ലോക്കിന്റെ എണ്ണം 236 ആയി ഉയര്‍ത്തി.
എക്‌സിലെ ഒരു പോസ്റ്റില്‍, ‘അവസാനം ‘അബ് കി ബാര്‍ 400 പാര്‍’ സംഭവിച്ചു, പക്ഷേ മറ്റൊരു രാജ്യത്ത്!’ എന്നാണ് ബിജെപിയെ പരിഹസിച്ച് തരൂര്‍ കുറിച്ചത്. ബ്രിട്ടന്റെ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ചിത്രവും അദ്ദേഹം പങ്കുവെച്ചിരുന്നു.
Finally “ab ki baar 400 paar” happened — but in another country! pic.twitter.com/17CpIp9QRl
— Shashi Tharoor (@ShashiTharoor) July 5, 2024
ബ്രിട്ടണില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും പ്രധാനമന്ത്രി ഇന്ത്യന്‍ വംശജനായ ഋഷി സുനകും തകര്‍ന്നടിയുന്ന കാഴ്ചയാണ് തിരഞ്ഞെടുപ്പ് ഫലം വന്നതോടെ എത്തിയത്. 14 വര്‍ഷത്തെ ഭരണത്തില്‍ നിന്നും കണ്‍സര്‍വേറ്റീവുകളെ പുറത്താക്കി ലേബര്‍പാര്‍ട്ടി 412 സീറ്റുകള്‍ നേടിയതായി പുറത്തുവന്ന ഔദ്യോഗിക ഫലങ്ങള്‍ വ്യക്തമാക്കുന്നു.