
തിരുവനന്തപുരം: ആശങ്കകള്‍ നിറഞ്ഞ മണിക്കൂറുകള്‍ക്കൊടുവില്‍ ആശ്വാസ വാര്‍ത്ത. അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്ന് കഴക്കൂട്ടത്ത് നിന്ന് കാണാതായ പതിമൂന്ന് വയസുകാരി തമിഴ്നാട്ടിലെത്തിയെന്ന് സൂചന. ട്രെയിനില്‍ ഇരുന്ന് കരയുന്ന കുട്ടിയെ കണ്ട സഹയാത്രക്കാരി ഫോട്ടോ എടുത്തു. ഈ ഫോട്ടോയാണ് നിര്‍ണായകമായത്. ഫോട്ടോയിലുള്ളത് തന്റെ മകള്‍ തന്നെയെന്ന് കുട്ടിയുടെ പിതാവ് സ്ഥിരീകരിച്ചു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയുടെ ബാംഗ്ലൂര്‍ – കന്യാകുമാരി ട്രെയിനില്‍ പെണ്‍കുട്ടി യാത്ര ചെയ്തതായി സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ ഫോട്ടോ തമിഴ്‌നാട് പൊലീസിന് കൈമാറി. കേരള പൊലീസ് സംഘം കന്യാകുമാരിയിലേക്ക് പോകും. തമ്പാനൂര്‍ സ്റ്റേഷനില്‍ നിന്നാണ് കുട്ടി ട്രെയിനില്‍ കയറിയതെന്നാണ് വിവരം.
കഴക്കൂട്ടത്ത് താമസിക്കുന്ന അസം സ്വദേശികളായ ദമ്പതികളുടെ മകളെയാണ് കാണാതായത്. അമ്മ വഴക്ക് പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടി വീട് വിട്ടിറങ്ങിയത്. അയല്‍ വീട്ടിലെ കുട്ടികളുമായി വഴക്കുണ്ടാക്കിയതിനെ തുടര്‍ന്നു കുട്ടിയെ ഉമ്മ ശകാരിച്ചിരുന്നു. പിന്നാലെ കുട്ടി വീടുവിട്ടിറങ്ങുകയായിരുന്നു. തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബാഗില്‍ വസ്ത്രവുമായാണ് കുട്ടി പോയിരിക്കുന്നതെന്നു പൊലീസ് പറഞ്ഞു. ഒരു മാസം മുന്‍പാണ് കുടുംബം കഴക്കൂട്ടത്ത് താമസത്തിനെത്തിയത്. കുട്ടിക്ക് മലയാളം അറിയില്ല.















