2400 രൂപ വിമർശനത്തിന്‍റെ ലക്ഷ്യം തുറന്നുപറഞ്ഞ് ചുള്ളിക്കാട്; നഷ്ടപരിഹാരവും സച്ചിദാനന്ദൻ മാഷുമല്ല, ‘സമീപനമാണ് പ്രശ്നം’

കൊച്ചി: സാഹിത്യോത്സവത്തിലെ പ്രഭാഷണത്തിന് കേരള സാഹിത്യ അക്കാദമി 2400 രൂപ മാത്രം പ്രതിഫലം നൽകിയതിനെ വിമർശിച്ചതിന്‍റെ കാരണവും ലക്ഷ്യവും തുറന്നുപറഞ്ഞ് ബാലചന്ദ്രന്‍ ചുള്ളിക്കാട് വീണ്ടും രംഗത്ത്. സുഹൃത്ത് സിഐസിസി ജയചന്ദ്രന് അയച്ച കുറിപ്പിലാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് തുക കുറ‍ഞ്ഞതുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ മറുപടി നല്‍കിയിരിക്കുന്നത്. കൂടുതൽ പണമോ, സാഹിത്യ അക്കാദമിയോ സച്ചിദാനന്ദൻ മാഷോ ആയിരുന്നില്ല തന്‍റെ ലക്ഷ്യമെന്ന് ചുള്ളിക്കാട് വ്യക്തമാക്കി. കവികളോടുള്ള സർക്കാരിന്‍റെയും സമൂഹത്തിന്‍റെയും അവഗണനയും വിവേചനവും വെളിപ്പെടുത്തുകയായിരുന്നു 2400 രൂപയിലെ വിമ‍ർശനത്തിലൂടെ താൻ ലക്ഷ്യമിട്ടതെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് സുഹൃത്തിനയച്ച കുറിപ്പിലൂടെ വ്യക്തമാക്കി.

അക്കാദമിയുടെ നഷ്ടപരിഹാരം വേണ്ടെന്നും പ്രിയ കവി സച്ചിദാനന്ദന്‍ അടക്കമുള്ള അക്കാദമി ഭാരവാഹികളുടെ കഠിനപ്രയത്നത്തെ ആദരിക്കുന്നുവെന്നും അദ്ദേഹം വിവരിച്ചു. സര്‍ക്കാരും സമൂഹവും കവികളോടുള്ള സമീപനത്തില്‍ മാറ്റം വരുത്തണമെന്നും അല്ലാതെ നഷ്ടപരിഹാരം നല്‍കി തന്നെ ഒതുക്കുകയല്ല വേണ്ടതെന്നും ബാലചന്ദ്രന്‍ ചുള്ളിക്കാട് കുറിപ്പില്‍ വ്യക്തമാക്കി. ബാലചന്ദ്രൻ ചുള്ളിക്കാടിന്‍റെ കുറിപ്പ് സിഐസിസി ജയചന്ദ്രനാണ് ഫേസ്ബുക്കിലൂടെ പുറത്തുവിട്ടത്.

കുറിപ്പ് ഇപ്രകാരം

“സാഹിത്യ അക്കാദമി എനിക്ക് നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്.അതെനിക്കാവശ്യമില്ല.കാരണം പണമോ സാഹിത്യ അക്കാദമിയോ സച്ചിദാനന്ദൻ മാഷോ ഒന്നും ആയിരുന്നില്ല എന്റെ പ്രതിഷേധത്തിന്റെ ലക്ഷ്യം. മിമിക്രിക്കാർക്കും പാട്ടുകാർക്കും നർത്തകർക്കും സീരിയൽ- സിനിമാതാരങ്ങൾക്കുമൊക്കെ പതിനായിരങ്ങളും ലക്ഷങ്ങളുമാണ് പരിപാടികൾക്കു പ്രതിഫലമായി സമൂഹം നൽകുന്നത്.സർക്കാരും സമൂഹവും ഞങ്ങളെപ്പോലുള്ള കവികളോടു കാണിക്കുന്ന അവഗണനയും വിവേചനവും എന്‍റെ അക്കാദമി അനുഭവത്തെ മുൻനിർത്തി വെളിപ്പെടുത്തുകയായിരുന്നു എന്‍റെ ലക്ഷ്യം. എനിക്കു വ്യക്തിപരമായി നഷ്ടപരിഹാരം നൽകി പരിഹരിക്കാവുന്ന പ്രശ്നമല്ല അത്. സാഹിത്യസമ്പർക്കത്തിന്‍റെ വിശാലമേഖലകൾ തുറക്കുന്ന അന്താരാഷ്ട്ര സാഹിത്യോൽസവത്തെയും പ്രിയകവി സച്ചിദാനന്ദൻ അടക്കമുള്ള അക്കാദമി ഭാരവാഹികളുടെ കഠിനപ്രയത്നത്തെയും ഞാൻ ആദരിക്കുന്നു.സർക്കാരും സമൂഹവും ഞങ്ങൾ കവികളോടുള്ള സമീപനത്തിൽ മാറ്റം വരുത്തണം.അല്ലാതെ എനിക്കു നഷ്ടപരിഹാരം നൽകി എന്നെ ഒതുക്കുകയല്ല വേണ്ടത്.”

The Attitude of the Society towards poets is the major problem says Chullikkad.

More Stories from this section

family-dental
witywide