സുഹൃത്ത് ദൃശ്യംമോഡല്‍ കൊല നടത്തിയ വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെത്തി

ആലപ്പുഴ: കരുനാഗപ്പള്ളി കുലശേഖരപുരത്തുനിന്നു കാണാതായ വിജയലക്ഷ്മി(40)യുടെ മൃതദേഹം അമ്പലപ്പുഴയില്‍ നിന്നും കണ്ടെത്തി. വിജയലക്ഷ്മിയെ കാണാതായതുമായി ബന്ധപ്പെട്ട സംഭവത്തില്‍ അമ്പലപ്പുഴ കരൂര്‍ പുതുവല്‍ സ്വദേശി ജയചന്ദ്രനെ (50) കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കുഴിച്ചുമൂടിയ തരത്തില്‍ മൃതദേഹം കണ്ടെത്തിയത്.

വിജയലക്ഷ്മിയെ കൊന്ന് വീടിനു സമീപത്തെ പറമ്പില്‍ കുഴിച്ചുമൂടിയതായാണ് ഇയാള്‍ പൊലീസിന് മൊഴി നല്‍കിയത്. ജയചന്ദ്രനെയും കൊണ്ട് കരുനാഗപ്പള്ളി പൊലീസ് അമ്പലപ്പുഴയിലെ വീടിനു സമീപം പരിശോധന നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെടുത്തത്.

കരുനാഗപ്പള്ളിയില്‍ മത്സ്യത്തൊഴിലാളിയായിരുന്നു ജയചന്ദ്രന്‍. ഇതിനിടെയാണ് വിജയലക്ഷ്മിയെ പരിചയപ്പെടുന്നത്. കരുനാഗപ്പള്ളിയില്‍ മത്സ്യവില്‍പ്പന നടത്തുകയായിരുന്നു വിജയലക്ഷ്മി. വിജയലക്ഷ്മിയോട് അമ്പലപ്പുഴയില്‍ എത്താന്‍ ജയചന്ദ്രന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇരുവരും അമ്പലപ്പുഴ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. പിന്നീട് ജയചന്ദ്രന്റെ വീട്ടിലെത്തിയ വിജയലക്ഷ്മിയും ജയചന്ദ്രനും തമ്മില്‍ വഴക്കിട്ടുവെന്നാണ് നിഗമനം. വിജയലക്ഷ്മിക്ക് വന്ന ഒരു ഫോണ്‍ കോളിന്റെ പേരിലാണ് ഇരുവരും വഴക്കിട്ടതെന്നും വിവരമുണ്ട്. തുടര്‍ന്ന് പ്ലയര്‍ ഉപയോഗിച്ച് തലയ്ക്കടിച്ച് വിജയലക്ഷ്മിയെ കൊലപ്പെടുത്തിയെന്നും വീടിനു സമീപത്തെ പറമ്പില്‍ കുഴിച്ചിട്ടെന്നുമാണ് വിവരം. ഈ മാസം ആറിനാണ് വിജയലക്ഷ്മിയെ കാണാതായത്.

More Stories from this section

family-dental
witywide