‘മിണ്ടാതെ ഉരിയാടാതെ’ മുഖ്യമന്ത്രി; അന്‍വറിന്റെ ആരോപണത്തോട് പ്രതികരിക്കാതെ ഡല്‍ഹിക്ക് തിരിച്ചു

കൊച്ചി: നിലമ്പൂർ എംഎൽഎ പി.വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആലുവ ഗസ്റ്റ് ഹൗസില്‍നിന്ന് പുറത്തേക്കിറങ്ങുമ്പോള്‍ ഇതുസംബന്ധിച്ച പ്രതികരണം ആരാഞ്ഞ മാധ്യമങ്ങളോട് ഒരക്ഷരം പോലും പ്രതികരിക്കാന്‍ കൂട്ടാക്കാതെ മുഖ്യമന്ത്രി കാറില്‍ കയറി പോവുകയായിരുന്നു. വലിയ പോലീസ് സന്നാഹവും മുഖ്യമന്ത്രിക്ക് ചുറ്റുമുണ്ടായിരുന്നു.

പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിയിലേക്കാണ് മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രിക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച അന്‍വര്‍, ആഭ്യന്തരവകുപ്പ് പൂര്‍ണപരാജയമാണെന്നും മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നുവരെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

ഇന്നലെ നിലമ്പൂരിൽ പി.വി. അൻവർ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയുമടക്കം പേരെടുത്ത് പറഞ്ഞാണ് അന്‍വര്‍ വിമര്‍ശിച്ചത്. പാർട്ടിക്കുള്ളിൽ കടുത്ത അടിമത്തമാണെന്നും സഖാക്കള്‍ എല്ലാം സഹിക്കണം എന്നതാണ് അവസ്ഥയെന്നും കേരളത്തെ എങ്ങോട്ടാണ് മുഖ്യമന്ത്രി കൊണ്ടുപോകുന്നതെന്നും അന്‍വര്‍ ചോദിച്ചു.

മുഖ്യമന്ത്രിക്കൊപ്പം പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്കെതിരെയും രൂക്ഷ വിമര്‍ശനമാണ് പി വി അന്‍വര്‍ ഉന്നയിച്ചത്. പി ശശി കാട്ടുകള്ളനാണെന്നും പി ശശിയാണ് മുഖ്യമന്ത്രിയെ കേരള ജനതയ്ക്ക് മുന്നില്‍ വികൃതമാക്കുന്നതെന്നും പി വി അന്‍വര്‍ പറഞ്ഞു. പി ശശിയും എഡിജിപി അജിത് കുമാറും ചതിക്കുമെന്ന് മുഖ്യമന്ത്രിയോട് താന്‍ മാസങ്ങള്‍ക്ക് മുന്‍പ് പറഞ്ഞതാണ്. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തിയും താന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ കേട്ടഭാവം നടിച്ചില്ലെന്ന് പി വി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയെന്ന സൂര്യന്‍ കെട്ടുപോയി. അതിന് കാരണക്കാരന്‍ പി ശശിയാണ്. കേരളീയ ജനസമൂഹത്തിന് മുന്നില്‍ മുഖ്യമന്ത്രിയുടെ ഗ്രാഫ് താഴ്ന്നുവെന്നും പി വി അന്‍വര്‍ പറഞ്ഞു.

More Stories from this section

family-dental
witywide