
ന്യൂഡല്‍ഹി: ജനുവരി 22ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. പങ്കെടുക്കാന്‍ ക്ഷണം ലഭിച്ച നേതാക്കള്‍ക്ക് പാര്‍ട്ടി അനുവാദം നല്‍കിയതായാണ് വിവരം. ക്ഷേത്രത്തില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നതിനോ പ്രാര്‍ത്ഥിക്കുന്നതിനോ പാര്‍ട്ടി ഒരു നേതാക്കളെയും തടഞ്ഞിട്ടില്ലെന്നും യാതൊരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
വ്യാഴാഴ്ച സംസ്ഥാന നേതാക്കളുമായി ഡല്‍ഹിയില്‍ നടത്തിയ യോഗത്തില്‍ ഉത്തര്‍പ്രദേശില്‍ നിന്നും ബിഹാറില്‍ നിന്നും ഉള്ള നേതാക്കളാണ് അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്ന വിഷയം ഉയര്‍ത്തിയത്. ഇതില്‍ അനുകൂലമായി പ്രതികരണം ലഭിച്ചുവെന്നാണ് ഇന്‍ഡ്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജനുവരി 20ന് ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് റായിയും ബിഹാര്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ അഖിലേഷ് പ്രസാദ് സിങും രാമക്ഷേത്രം സന്ദര്‍ശിക്കുമെന്നും പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍ഡ്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.















