
ന്യൂഡല്‍ഹി: മദ്യ നയ അഴിമതിയാരോപണത്തില്‍ ഇഡി അറസ്റ്റിലായി ജയിലില്‍ക്കഴിയുന്ന അരവിന്ദ് കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഡല്‍ഹി ഹൈക്കോടതി മൂന്നാം തവണയും തള്ളി.
ആക്ടിംഗ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍ അധ്യക്ഷനായ ബെഞ്ച്, ‘ജനാധിപത്യം അതിന്റെ വഴിക്ക് പോകട്ടെ’ എന്ന് പറഞ്ഞാണ് ഹര്‍ജി തള്ളിയത്. കെജ്രിവാളിനോട് രാജിവെക്കാന്‍ ലഫ്റ്റനന്റ് ഗവര്‍ണറോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദുസേന സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയായിരുന്നു കോടതി പരിഗണിച്ചത്.
കെജ്രിവാളിനെ മുഖ്യമന്ത്രി സ്ഥാനം ഒഴിയാന്‍ നിര്‍ബന്ധിക്കാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്സേനയെ ഉപദേശിക്കാന്‍ വിസമ്മതിച്ച കോടതി സക്സേനയ്ക്ക് ഞങ്ങളുടെ മാര്‍ഗനിര്‍ദേശം ആവശ്യമില്ലെന്നും അദ്ദേഹത്തെ ഉപദേശിക്കാന്‍ ഞങ്ങള്‍ ആരുമല്ലെന്നും നിയമപ്രകാരം ചെയ്യേണ്ടതെന്തും അദ്ദേഹം ചെയ്യുമെന്നും പറഞ്ഞു. കഴിഞ്ഞ ആഴ്ചയും ജനുവരിയിലും സമാനമായ ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു.
അതേസമയം, തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ക്ക് മുമ്പ് എഎപിയെ പിടിച്ചുകുലുക്കിയ മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലായത്. കെജ്രിവാളിനെ തിടുക്കത്തില്‍ അറസ്റ്റ് ചെയ്തത് രാഷ്ട്രീയ നീക്കമാണെന്നും ആദ്യ വോട്ട് രേഖപ്പെടുത്തുന്നതിന് മുമ്പ് എഎപിയെ തകര്‍ക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് അറസ്റ്റെന്നും മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഗ്വി മുമ്പ് വാദിച്ചിരുന്നു.









