
തിരുവനന്തപുരം : അലമാര തലയില്‍ വീണ് മരിച്ച നിലയില്‍ വീട്ടിനുള്ളിലെ കട്ടിലില്‍ വയോധികയുടെ മൃതദേഹം കണ്ടെത്തി. നീറമണ്‍കര വിനായക നഗറില്‍ രാജലക്ഷ്മി എന്ന 83 കാരിയാണ് അതിദാരുണമായി മരണത്തിന് കീഴടങ്ങിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് കരമന പൊലീസിന്റ പ്രാഥമിക നിഗമനം.
വീട്ടില്‍ ഇവര്‍ തനിച്ചായിരുന്നു താമസം. ബന്ധുക്കള്‍ ഫോണില്‍ വിളിച്ചിട്ടും എടുക്കാത്തതിനെ തുടര്‍ന്ന് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരെത്തി ജനല്‍ വഴി നോക്കിയപ്പോഴാണ് കട്ടിലില്‍, അലമാര വീണ് വൃദ്ധ മരിച്ച നിലയില്‍ കിടക്കുന്നത് കണ്ടത്. കട്ടിലില്‍ കിടക്കുന്ന മൃതദേഹത്തിന് മുകളില്‍ അലമാര വീണുകിടക്കുന്ന നിലയിലായിരുന്നു.
വീടിന്റെ രണ്ട് വാതിലുകളും അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മോഷണ ശ്രമമോ മറ്റെന്തെങ്കിലും പ്രശ്‌നങ്ങളോ നടന്നിട്ടുണ്ടോ എന്ന കാര്യം വിശദമായ ഫോറന്‍സിക് പരിശോധനക്ക് ശേഷം മാത്രമേ മനസ്സിലാക്കാന്‍ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.