ലോക റെക്കോര്‍ഡിട്ട് ലോക്‌സഭാ തിരഞ്ഞെടുപ്പ് ; 64 കോടിയിലധികം ആളുകള്‍ വോട്ട് ചെയ്തതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ 64 കോടിയിലധികം ആളുകള്‍ വോട്ട് ചെയ്തതിനാല്‍ ഇന്ത്യ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചതായി മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍. 31.2 കോടി സ്ത്രീകളടക്കം 64.2 കോടി വോട്ടര്‍മാരാണ് ഇക്കൊല്ലം വിരലില്‍ മഷി പുരട്ടി ഇന്ത്യയെ ലോക റെക്കോര്‍ഡിലേക്ക് എത്തിച്ചത്.

ജമ്മു കശ്മീരില്‍ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ് രേഖപ്പെടുത്തിയെന്നും രാജീവ് കുമാര്‍ ചൂണ്ടിക്കാട്ടി.

ലോകത്തിലെ ഏറ്റവും വലിയ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമായി 68,000 നിരീക്ഷണ ടീമുകളും 1.5 കോടി പോളിംഗ്, സുരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുത്തതായി അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിനായി ഏകദേശം നാല് ലക്ഷം വാഹനങ്ങളും 135 പ്രത്യേക ട്രെയിനുകളും 1,692 എയര്‍ സോര്‍ട്ടീസുകളും ഉപയോഗിച്ചു. 2019ല്‍ 540 റീപോളുകള്‍ നടന്നപ്പോള്‍ ഇത്തവണത്തെ പൊതുതിരഞ്ഞെടുപ്പില്‍ 39 റീപോളുകള്‍ മാത്രമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

മയക്കുമരുന്ന്, മദ്യം, പണം, എന്നിവയുള്‍പ്പെടെ 10,000 കോടി രൂപ പിടിച്ചെടുത്തുവെന്നും 2019 ല്‍ ഇത് 3,500 കോടി രൂപയായിരുന്നുവെന്നു അദ്ദേഹം പറഞ്ഞു. അതേസമയം വോട്ടെണ്ണലിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്താകെ പത്തര ലക്ഷം വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ ഉണ്ട്. 24 മണിക്കൂറും സിസിടിവി നിരീക്ഷണം ഉണ്ടാകും. നിരീക്ഷകരുടെ മുഴുനീള സാന്നിധ്യവും ഉണ്ടാകും. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് മൂന്ന് തലത്തില്‍ സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

More Stories from this section

family-dental
witywide