വീഴ്ച്ചയുണ്ടായിട്ടില്ല; 95% ബൂത്തുകളിലും ആറ് മണിക്ക് മുന്‍പ് പോളിങ് പൂര്‍ത്തിയാക്കി: തിരഞ്ഞെടുപ്പ് കമ്മീഷന്‍

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം കേരളത്തിലടക്കം ഇന്നലെയാണ് പൂര്‍ത്തിയായത്. 2019ല്‍ നിന്ന് അഞ്ച് ശതമാനത്തിലേറെ കുറവ് പോളിങ്ങാണ് ഇത്തവണ സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പോളിങ് കുറഞ്ഞതിന് കാരണം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. എന്നാല്‍, ഈ ആരോപണം പൂര്‍ണമായും തള്ളിക്കളയുകയാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സജ്ഞയ് കൗള്‍ വ്യക്തമാക്കി.

ആരോപണങ്ങളെല്ലാം നിഷേധിക്കുന്നുവെന്നും പോളിംഗില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും 95% ബൂത്തുകളിലും ആറ് മണിക്ക് മുന്‍പ് പോളിങ് പൂര്‍ത്തിയാക്കിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച്ചയൊന്നും സംഭവിച്ചിട്ടില്ലെന്നും പോളിങ് ശതമാനം കുറഞ്ഞതില്‍ അസ്വാഭാവികത ഇല്ലെന്നും വ്യക്തമാക്കിയ സജ്ഞയ് കൗള്‍ ബീപ്പ് ശബ്ദം വൈകിയെന്ന ആരോപണം പരിശോധിക്കുമെന്നും അറിയിച്ചു.

വടകര മണ്ഡലത്തില്‍ മാത്രമാണ് പോളിങ് നീണ്ടുപോയത്. കള്ളവോട്ട് പരാതി കാരണം ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്ക് കൂടുതല്‍ സമയമെടുത്തിട്ടുണ്ടാകാം. താരതമ്യേന കുറവ് വോട്ടിങ് യന്ത്രങ്ങള്‍ മാത്രമാണ് ഇത്തവണ തകരാറിലായത്. വോട്ടിങ് യന്ത്രങ്ങള്‍ മാറ്റി സ്ഥാപിക്കുന്നതിലും കാലതാമസം ഉണ്ടായിട്ടില്ല. ചൂടുള്ള കാലവസ്ഥയും പോളിങ് ശതമാനം കുറയാന്‍ കാരണമായിട്ടുണ്ടെന്നും ഇത്തവണത്തെ പോളിങ്ങില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംതൃപ്തരാണെന്നും സജ്ഞയ് കൗള്‍ പറഞ്ഞു.

More Stories from this section

family-dental
witywide