
തൃശൂർ: തേക്കിന്‍കാട് മൈതാനത്തെ മഹിളാ സമ്മേളന വേദിയില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ‘മോദിയുടെ ഗ്യാരണ്ടികള്‍’ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ ഇടത്-വലത് മുന്നണികളെയും പ്രതിപക്ഷത്തിന്‍റെ ഇന്ത്യ സഖ്യത്തെയും കടന്നാക്രമിക്കാനും മോദി മറന്നില്ല.
സ്വര്‍ണ്ണക്കടത്തും തൃശൂര്‍ പൂരം പ്രദര്‍ശനവുമായി ബന്ധപ്പെട്ട വാടക തര്‍ക്കവും ഉള്‍പ്പെടെ മോദി പരാമര്‍ശിച്ചു. ക്രിസ്തുമസ് വിരുന്നില്‍ എത്തിയ ക്രിസ്തുമത നേതാക്കള്‍ക്കും മോദി നന്ദി പറഞ്ഞു. കേരളത്തിലും ഇടതും കോണ്‍ഗ്രസും ഒറ്റസഖ്യമായാണ് രംഗത്തുള്ളതെന്നും ഈ ‘ഇന്ത്യ’ സഖ്യം കേരളത്തെ കൊള്ളയടിക്കുകയാണെന്നും മോദി തുറന്നടിച്ചു.
‘മോദിയുടെ ഗ്യാരണ്ടികള്‍’ ഓരോന്നും പ്രസംഗത്തില്‍ പ്രധാനമന്ത്രി എടുത്തു പറഞ്ഞു. മോദിയുടെ ഗ്യാരണ്ടി എന്ന് മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് വിവിധ പദ്ധതികളെക്കുറിച്ചുള്ള പരാമര്‍ശിച്ചത്. 10 വർഷക്കാലത്തിനിടെ സ്ത്രീകളുടെ ജീവിത സുരക്ഷിതമാക്കാൻ നിരവധി പദ്ധതികള്‍ നടപ്പാക്കി. 10 കോടി ഉജ്ജ്വല ഗ്യാസ് മോദിയുടെ ഗ്യാരണ്ടിയാണ്. 12 കോടി കുടുംബങ്ങൾക്ക് ശൗചാലയം മോദിയുടെ ഗ്യാരണ്ടിയുടെ ഗ്യാരണ്ടിയാണ്. സൈനിക സ്കൂളുകളിൽ പെൺകുട്ടികൾക്ക് സംവരണം, നിയമ പാർലമെന്റുകളിൽ വനിതാ സംവണവും മോദിയുടെ ഗ്യാരണ്ടി.
“രാജ്യത്തെ വികസിത രാഷ്‌ട്രമാക്കുമെന്ന് മോദി ഉറപ്പ് നല്‍കി. സ്വാതന്ത്ര്യം ലഭിച്ചശേഷം യുഡിഎഫ്, എല്‍ഡിഎഫ് സര്‍ക്കാര്‍ സ്ത്രീശക്തിയെ പോരായ്മായി കണ്ടു. എന്നാല്‍ മോദി സര്‍ക്കാര്‍ നിങ്ങള്‍ക്കെല്ലാം അധികാരവും അവകാശവും ഉറപ്പാക്കി. നാരീശക്തി വന്ദന്‍ നിയമം പ്രാവര്‍ത്തികമാക്കി. സ്ത്രീ ശാക്തികരണം, വനിതാ സംവരണ ബില്‍, മുത്തലാഖില്‍ നിന്നും മുസ്‍ലിം സമുദായത്തിലെ സ്ത്രീകള്‍ക്ക് മോചനം എന്നിവ മോദി ഉറപ്പ് നല്‍കി. അതും മോദി സര്‍ക്കാര്‍ പാലിച്ചു,” മോദി പറഞ്ഞു.
എന്‍ഡിഎ സർക്കാരിന് നാല് ജാതികളാണ് പ്രധാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ദരിദ്രർ, യുവാക്കൾ, കർഷകർ, സ്തീകൾ എന്നിങ്ങനെയുള്ള നാലു വിഭാഗങ്ങള്‍ക്കും സർക്കാർ സഹായം ലഭ്യമാക്കാൻ പരിശ്രമിക്കുകയാണ്. ഇടത്, കോൺഗ്രസ് കാലത്ത് ഇവരുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിരുന്നില്ലെന്നും മോദി പറഞ്ഞു.
കേരളത്തിൽ ഏറെക്കാലമായി ഇടത് -വലത് മുന്നണികൾ വഞ്ചനയുടെ നാടകം കളിക്കുകയാണ്. രണ്ടു പേരും അഴിമതിയും കുടുംബവാഴ്ചയും ഒരുമിച്ച് നടപ്പാക്കുന്നു. ഇന്ത്യ മുന്നണിയുണ്ടാക്കി അവരൊന്ന് എന്ന് തെളിയിച്ചിരിക്കുകയാണ്. കേരള വികസനത്തിന് ബിജെപി അധികാരത്തില്‍ വരണം. ഏത് ഓഫീസ് കേന്ദ്രീകരിച്ചാണ് സ്വർണ്ണം കടത്തിയതെന്ന് അറിയം. കണക്ക് ചോദിക്കാൻ പാടില്ലെന്ന് പറയുന്നു. കണക്ക് ചോദിച്ചാൽ പദ്ധതികൾക്ക് തടസ്സം നിൽക്കുകയാണ്. കേരളത്തിലെ സര്‍ക്കാര്‍ അഴിമതിയും സ്വജനപക്ഷപാതവും നടത്തുകയാണെന്നും മോദി ആരോപിച്ചു. ബിജെപി സര്‍ക്കാര്‍ സംസ്ഥാന വികസനത്തിലൂടെയാണ് രാജ്യവികസനം എന്നാണ് വിശ്വസിക്കുന്നത്.
ഇന്ത്യ സഖ്യം കേന്ദ്ര വികസനം നടപ്പാക്കുന്നില്ല. കേരളത്തിലും ഇടതും കോണ്‍ഗ്രസും ഒറ്റസഖ്യമായാണ് രംഗത്തുള്ളതെന്നും. ഇവര്‍ കേരളത്തെ കൊള്ളയടിക്കുകയാണെന്നും മോദി ആരോപിച്ചു. ഇന്ത്യ സഖ്യം നമ്മുടെ വിശ്വാസങ്ങളെ വൃണപ്പെടുത്തുകയാണ്. ആചാരങ്ങൾക്ക് തടസ്സം നിൽക്കുന്നു. തൃശൂർ പൂരത്തിന്‍റെ കാര്യത്തിലുള്ള രാഷ്ടീയക്കളിയുണ്ടായി. ഇത് ദൗര്‍ഭാഗ്യകരാമായെന്നും മോദി പറഞ്ഞു.















