കേന്ദ്ര ഏജൻസികൾ വട്ടമിട്ടു പറക്കുന്ന തിരഞ്ഞെടുപ്പുകാലം; കെജ്രിവാളിൻ്റെ അറസ്റ്റിന് പിന്നിലെ ബിജെപി തന്ത്രം എന്താണ്?

അഴിമതി നിറഞ്ഞ ഇന്ത്യൻ രാഷ്ട്രീയത്തെ അടിച്ചുവാരി വൃത്തിയാക്കാനിറങ്ങിയ ആംആദ്മി പാർട്ടിയുടെ അടിത്തറയും കേന്ദ്രബിന്ദുവുമായ നേതാവ് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നതിലൂടെ ബിജെപി ലക്ഷ്യമിടുന്നത് എന്താണ് .

തിരഞ്ഞെടുപ്പിനു മുൻപ് തന്നെ പ്രതിപക്ഷത്തെ പരാമാവധി ഇല്ലാതാക്കുകയോ ഒതുക്കുകയോ ചെയ്യുക എന്ന, രാഷ്ട്രീയ മര്യാദയ്ക്ക് ചേരാത്ത ലക്ഷ്യം തന്നെയാണ് ബിജെപിക്ക് എന്ന് വ്യക്തം. ആദായനികുതിയുടെ പേരിൽ കോൺഗ്രസിൻ്റെ ബാങ്ക് ആക്കൌണ്ടുകൾ മരവിപ്പിച്ചതിലൂടെ പ്രതിപക്ഷത്തെ തന്നെയാണ് മരവിപ്പിച്ചിരിക്കുന്നത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞ് മണിക്കൂറുകൾക്കുള്ളിലാണ് കെജ്രിവാളിന്റെ അറസ്റ്റ്. ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ്റെ കസേര ഇഡിയെ വച്ച് തെറിപ്പിച്ചിട്ട് ഏതാനും ദിവസങ്ങളേ ആകുന്നുള്ളു.

അഴിമതി തൊട്ടുതീട്ടിയിട്ടില്ല എന്നു അവസരം കിട്ടുമ്പോളൊക്കെ ആവർത്തിച്ച് ആണയിട്ടിരുന്ന മോദി പറഞ്ഞത് കല്ലുവച്ച നുണകളായിരുന്നു എന്ന് തിരഞ്ഞെടുപ്പ് ബോണ്ട് വെളിപ്പെടുത്തൽ വന്നതോടെ വ്യക്തമായിരിക്കുകയാണ്. ഇത് ചർച്ചയാകാതിരിക്കാനുള്ള ഏറ്റവും നല്ല മാർഗം വലിയ വിവാദ വിഷയമുണ്ടാക്കി ശ്രദ്ധ തിരിക്കുക എന്നതാണ്. കെജ്രിവാൾ വന്നതോടെ ബോണ്ട് കഥകൾ മുങ്ങി.

സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് പല സംസ്ഥാനങ്ങളിലും ബിജെപിക്ക് ഉള്ളിൽ പ്രതിഷേധമുണ്ട്. പലയിടത്തും അത് മറനീക്കി പുറത്തു വരുന്നുമുണ്ട്. ഇത്തരം വിഷയങ്ങൾ മുഖ്യധാരയിൽ സജീവ ചർച്ചയാകാതിരിക്കാൻ കെജ്രിവാളിനെ വച്ച് മറയിടുകയാണ് ബിജെപി.

ബിജെപിയുടെ ബി ടീം എന്നാണ് ആം ആദ്മി അധികാരത്തിൽ വന്നപ്പോൾ അതിനെ പലരും വിശേഷിപ്പിച്ചത്. ബിജെപിയുടെ ഹിന്ദുത്വ വോട്ടുകൾ പിളർത്തുന്നതിൽ ആപ് വിജയിച്ചിരുന്നു. ഹനുമാൻ ചാലിസ ചെല്ലുന്ന , വോട്ടിങ്ങുനു മുമ്പ് അമ്പലത്തിൽ പൂജ നടത്തുന്ന കെജ്രിവാളിനെയാണ് ഡൽഹി വിജയിപ്പിച്ചത്. അയോധ്യയിൽ രാമക്ഷേത്രത്തിന്റെ ഭൂമി പൂജ നടന്ന ദിവസം ഡൽഹിയിൽ ക്ഷേത്ര മാതൃകയുണ്ടാക്കി പൂജ നടത്തി. അയോധ്യയിലേക്ക് ഉൾപ്പെടെ സൌജന്യ തീർഥാടന പദ്ധതിയുമുണ്ട്. ഹിന്ദുത്വ വച്ച് വോട്ടു പിടിക്കുന്ന ആപ്പിനെ വെട്ടാൻ ബിജെപി പണ്ടേ തീരുമാനിച്ചതാണ്.

പഞ്ചാബിൽ ഭരണം. ഗുജറാത്തിൽ കോൺഗ്രസിൻ്റേതിനെക്കാൾ മികച്ചപ്രവർത്തനം. കഴിഞ്ഞ ഏപ്രിലിലാണ് ആപ്പിന് ദേശീയ പാർട്ടി പദവി കിട്ടിയത്. അതിനു ശേഷം ഏതാനും ആഴ്ചകൾക്കുള്ളിൽ ഡൽഹി മദ്യനയക്കേസിൽ കെജ്രിവാളിന് സിബിഐ നോട്ടിസ് കിട്ടി. കേന്ദ്രം ഉദ്ദേശിച്ചത് എന്താണ് എന്ന് വ്യക്തം.

ആം ആദ്മി പാർട്ടി നിലനിൽക്കുന്നത് തന്നെ കെജ്രിവാളിനെ അടിസ്ഥാനമാക്കിയാണ്. അദ്ദേഹത്തിന്റെ വിടവ് പാർട്ടിക്ക് നികത്താനാവില്ല. കെജ്രിവാളിന്റെ അറസ്റ്റ് ആപ്പിനെ ചിതറിക്കുമോ എന്ന് കാത്തിരുന്നു കാണാം. കുറ്റക്കാരനാണ് എന്ന് കോടതി കണ്ടെത്താത്ത സാഹചര്യത്തിൽ കെജ്രിവാൾ ജയിലിലിരുന്നു മുഖ്യമന്ത്രിയുടെ ജോലി ചെയ്യുമെന്നാണ് ആപ് വ്യക്തമാക്കിയിരിക്കുന്നത്.

തെലങ്കാന മുൻ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിൻ്റെ മകളും ബിആർഎസ് നേതാവുമയ കെ. കവിതയെ അറസ്റ്റ് ചെയ്തപ്പോൾ തന്നെ കെജ്രിവാളിന്റെ അറസ്റ്റ് പ്ര തീക്ഷിച്ചിരുന്നതാണ്. ടൈമിങ് കൃത്യമാകാനായി കാത്തിരുന്നതായിരുന്നു ബിജെപി എന്നുമാത്രം.

The Facts Behind Kejriwal’s Arrest

More Stories from this section

family-dental
witywide