
ന്യൂയോര്‍ക്ക്: ചരക്കുകപ്പല്‍ ഇടിച്ച് നാലാഴ്ച മുമ്പ് ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നതിനെത്തുടര്‍ന്ന് താറുമാറായ കപ്പൽ പാത താൽക്കാലികമായി പുനസ്ഥാപിച്ചു. പാലത്തിൻ്റെ അവശിഷ്ടങ്ങൾ ഒരു പരിധിവരെ നീക്കിയതിനെ തുടർന്ന് ആദ്യ ചരക്കു കപ്പൽ കടന്നു പോയി. പനാമ പതാകയുള്ള ബാല്‍സ 94 എന്ന ചരക്കുകപ്പലാണ് ആദ്യമായി ഈ ചാനലിലൂടെ കടന്നു പോയത്. കാനഡയിലെ സെൻ്റ് ജോൺസിലേക്ക് പോകുന്ന ചരക്കുകപ്പലായിരുന്നു ഇത്. പാലം അപകടത്തെ തുടർന്ന് ബാൾട്ടിമോർ തുറമുഖത്ത് കുടുങ്ങിപ്പോയ കപ്പലുകളിൽ ഒന്നാണ് ഇത്. പനാമയിലേക്ക് പോകുന്ന ഒരു വാഹന വാഹകക്കപ്പല്‍ ഉള്‍പ്പെടെ രണ്ട് വാണിജ്യ കപ്പലുകള്‍ കൂടി വ്യാഴാഴ്ച ഇതുവഴി കടന്നുപോയി.
പാലം തകര്‍ന്നതിനെത്തുടര്‍ന്ന് ചരക്കു നീക്കം നിലച്ച ബാൾട്ടിമോർ തുറമുഖത്തെ ചരക്കു നീക്കം എത്രയും വേഗം പുനസ്ഥാപിക്കുന്നതിൻ്റെ ഭാഗമായാണ് ഈ താൽക്കാലിക ചാനൽ
അതേസമയം, തകര്‍ന്ന പാലത്തിന്റെ അവശിഷ്ടം ഇതുവരെയും പൂര്‍ണമായും നീക്കം ചെയ്യാനായിട്ടില്ല.
ബാള്‍ട്ടിമോര്‍ തുറമുഖത്തിലേക്കുള്ള പ്രവേശന കവാടത്തില്‍ നിന്ന് ആയിരക്കണക്കിന് ടണ്‍ ഉരുക്കും കോണ്‍ക്രീറ്റും വൃത്തിയാക്കാന്‍ ജോലിക്കാര്‍ രാപ്പകലില്ലാതെ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായാണ് പുതിയ കപ്പല്‍ പാതകള്‍ ഒരുക്കാനായത്. ആഴ്ചകളായി കുടുങ്ങിക്കിടക്കുന്ന അഞ്ച് കപ്പലുകള്‍ക്കൂടി പുതിയ, താല്‍ക്കാലിക ചാനലിലൂടെ ഒടുവില്‍ ബാള്‍ട്ടിമോറില്‍ നിന്ന് പുറപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. മറ്റ് കപ്പലുകള്‍ തുറമുഖത്തേക്ക് പ്രവേശിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.