
ന്യൂഡല്‍ഹി: പതിനെട്ടാം ലോക്‌സഭയുടെ ആദ്യ സമ്മേളനം ഇന്ന് തുടങ്ങും. ആദ്യ രണ്ട് ദിവസം അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് നടക്കുക. ആദ്യം പ്രധാനമന്ത്രി നരേന്ദ്രമന്ത്രിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. നാല് മണിയോടെയാണ് കേരളത്തിലെ എംപിമാരുടെ സത്യപ്രതിജ്ഞ നടക്കുക.
ലോക്സഭയുടെ പ്രോടേം സ്പീക്കറായി ബിജെപി എംപി ഭര്‍തൃഹരി മഹ്താബിന് രാഷ്ട്രപതി ദ്രൗപതി മുര്‍മു സത്യവാചകം ചൊല്ലിക്കൊടുക്കും. തുടര്‍ന്ന് ലോക്സഭാ നേതാവായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാന്‍ മഹ്താബ് വിളിക്കും. പ്രോടേം സ്പീക്കറായി നിയമിതനായ ഭര്‍തൃഹരി മഹ്താബ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുകയും സഭാ നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യും.
രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും പിന്നാലെ കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. വയനാട് മണ്ഡലം ഉപേക്ഷിച്ച രാഹുല്‍ ഗാന്ധി റായ്ബറേലി എംപിയായാണ് ഇക്കുറി സത്യ പ്രതിജ്ഞ ചെയ്യുക.
ജൂണ്‍ 26ന് ലോക്സഭാ സ്പീക്കറെ തിരഞ്ഞെടുക്കും. ജൂണ്‍ 27 ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും.
അതേസമയം പ്രോടേം സ്പീക്കര്‍ പദവിയില്‍ നിന്ന് കൊടിക്കുന്നില്‍ സുരേഷിനെ ഒഴിവാക്കിയതിനാല്‍ അധ്യക്ഷനെ സഹായിക്കുന്ന പാനലില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഇന്ത്യ സഖ്യം രാവിലെ തീരുമാനം എടുക്കും.
ശക്തിയാര്‍ജ്ജിച്ച് തിരിച്ചെത്തിയ പ്രതിപക്ഷം നീറ്റ്, നെറ്റ്, ഓഹരി വിപണിയിലെ വിവാദം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിക്കാനാണ് നീക്കം. അതിനിടെ, പുതുതായി തിരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് എംപിമാരുടെ യോഗം ഇന്ന് രാവിലെ 10 മണിക്ക് പാര്‍ലമെന്റിലെ സിപിപി ഓഫീസില്‍ വിളിച്ചിട്ടുണ്ട്.















