‘നിര്‍ഭാഗ്യകരമായ അപകടം’: ബാള്‍ട്ടിമോര്‍ പാലം അപകടത്തില്‍ അനുശോചനം അറിയിച്ച്‌ യുഎസിലെ ഇന്ത്യന്‍ എംബസി

ന്യൂയോര്‍ക്ക്: നിയന്ത്രണം നഷ്ടപ്പെട്ട ചരക്കുകപ്പല്‍ ഇടിച്ച് ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലം തകര്‍ന്നുണ്ടായ അപകടം നിര്‍ഭാഗ്യകരമെന്ന് പ്രതികരിച്ച് യു.എസിലെ ഇന്ത്യന്‍ എംബസി. അപകടത്തില്‍ വാഷിംഗ്ടണിലെ ഇന്ത്യന്‍ എംബസി അനുശോചനം അറിയിച്ചു. ട്വിറ്ററിലൂടെയായിരുന്നു പ്രതികരണം.

കപ്പലിലെ ജീവനക്കാരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ എംബസി പരിശോധിച്ചുവരികയാണെന്നും സഹായം ആവശ്യമുള്ള ഏതൊരു ഇന്ത്യന്‍ പൗരനെയും സഹായിക്കാന്‍ സജ്ജമാണെന്നും ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ ബ്രിഡ്ജിലുണ്ടായ നിര്‍ഭാഗ്യകരമായ അപകടത്തില്‍പ്പെട്ട എല്ലാവര്‍ക്കും ഞങ്ങളുടെ ഹൃദയംഗമമായ അനുശോചനമെന്നുമാണ് എംബസി പ്രതികരിച്ചത്. മാത്രമല്ല, അടിയന്തര സഹായങ്ങള്‍ക്കായി +1-202-717-1996 എന്ന നമ്പറില്‍ ബന്ധപ്പെടാനും നിര്‍ദേശമുണ്ട്.

മാര്‍ച്ച് 26 ന് പ്രാദേശിക സമയം ഏകദേശം 01:30 ന് ബാള്‍ട്ടിമോറിലെ ഫ്രാന്‍സിസ് സ്‌കോട്ട് കീ പാലത്തിന്റെ തൂണുകളിലൊന്നില്‍ ഇടിക്കുകയും തുടര്‍ന്ന് പാലം തകര്‍ന്ന് നദിയിലേക്ക് വീണുപോകുകയുമായിരുന്നു. സംഭവത്തില്‍ ഇനിയും ആറുപേരെ കണ്ടെത്താനുണ്ടെന്നാണ് വിവരം. സിംഗപ്പൂര്‍ കമ്പനിയായ ഗ്രേസ് ഓഷ്യന്‍ പിടിഇയുടെ ഉടമസ്ഥതയിലുള്ള ചരക്കു കപ്പലായ ഡാലിയാണ് അപകടത്തില്‍പ്പെട്ടത് കപ്പലിന്റെ മേല്‍നോട്ട ചുമതലയുണ്ടായിരുന്നത് മലയാളിയായ ക്യാപ്റ്റന്‍ രാജേഷ് ഉണ്ണിയുടെ സിനര്‍ജി മറൈന്‍ ഗ്രൂപ്പിനായിരുന്നു. കൂടാതെ, ഡാലിയില്‍ ആകെ ഉണ്ടായിരുന്ന 22 ജീവനക്കാരും ഇന്ത്യക്കാരായിരുന്നു. ആര്‍ക്കും അപകടത്തില്‍ കാര്യമായി പരുക്കേറ്റിട്ടില്ല എന്നാണ് വിവരം.