
ന്യൂഡല്‍ഹി: യുദ്ധക്കുറ്റങ്ങളും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും ആരോപിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി (ഐസിസി). ഇസ്രയേല്‍ മുന്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, ഹമാസ് നേതാവ് മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍ മസ്രി എന്നിവര്‍ക്കെതിരെയും അന്താരാഷ്ട്ര ക്രിമിനല്‍ കോടതി വ്യാഴാഴ്ച അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായ ഹമാസ് ആക്രമണവും ഗാസയിലെ ടെല്‍ അവീവിന്റെ സൈനിക നടപടിയുമായി ബന്ധപ്പെട്ട കുറ്റങ്ങള്‍ക്കും അറസ്റ്റ് വാറണ്ട് ആവശ്യപ്പെടുന്നതായി ഐസിസി പ്രോസിക്യൂട്ടര്‍ കരീം ഖാന്‍ മെയ് 20 ന് പറഞ്ഞതിനു പിന്നാലെയാണ് ഈ നീക്കം.
ഭക്ഷണം, വെള്ളം, മരുന്ന്, വൈദ്യസഹായം, ഇന്ധനം, വൈദ്യുതി എന്നിവയുള്‍പ്പെടെ നിലനില്‍പ്പിന് ഒഴിച്ചുകൂടാനാവാത്ത വസ്തുക്കള്‍ ഇവര്‍ ബോധപൂര്‍വം ഗസ്സയിലെ ജനങ്ങള്‍ക്ക് നഷ്ടപ്പെടുത്തിയെന്നാണ് കോടതിയുടെ വിലയിരുത്തല്‍. വാറണ്ട് പുറപ്പെടുവിക്കാന്‍ മൂന്നംഗ പാനല്‍ ഏകകണ്ഠമായി തീരുമാനം എടുക്കുകയായിരുന്നു. അതേസമയം, ഇസ്രായേല്‍ ഐസിസിയുടെ അധികാരപരിധിയെ ചോദ്യം ചെയ്യുകയും ഗാസയിലെ യുദ്ധക്കുറ്റങ്ങള്‍ നിഷേധിക്കുകയും ചെയ്തിരുന്നു. ഇസ്രായേല്‍ കോടതിയിലെ അംഗരാജ്യമല്ല.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 7 മുതല്‍ ഗാസയില്‍ തുടരുന്ന സംഘര്‍ഷത്തില്‍ 44,056 പേര്‍ കൊല്ലപ്പെട്ടതായി ഹമാസ് ഭരണകൂടത്തിന്റെ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 104,268 പേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്.