
ന്യൂഡല്‍ഹി: മദ്യ നയ അഴിമതി കേസില്‍ ഇഡി അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം ചെയ്യല്‍ ഇപ്പോഴും തുടരുകയാണ്. അതിനിടെ മദ്യ നയം രൂപീകരിക്കുമ്പോള്‍ താന്‍ ഉപയോഗിച്ചിരുന്നതായി പറയപ്പെടുന്ന മൊബൈല്‍ ഫോണ്‍ എവിടെയാണ് സൂക്ഷിച്ചതെന്ന് ഓര്‍മ്മയില്ലെന്ന് കെജ്രിവാള്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.
മദ്യനയ കേസിലെ മറ്റൊരു പ്രതിയായ സമീര്‍ മഹേന്ദ്രുവിനോട് കെജ്രിവാള്‍ സംസാരിച്ചതായി പറയപ്പെടുന്ന ഫോണിനെക്കുറിച്ചായിരുന്നു ഇഡി ചോദിച്ചത്. ആ ഫോണ്‍ കണ്ടെത്തി അതില്‍ നിന്നും നിര്‍ണായക വിവരങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് ഇഡി മൊബൈല്‍ അന്വേഷിച്ചത്. കെജ്രിവാള്‍ മഹേന്ദ്രുവിനോട് ആ ഫോണില്‍ സംസാരിച്ചതായും വിജയ് നായര്‍ തന്റെ കുട്ടിയാണെന്നും അദ്ദേഹത്തെ വിശ്വസിക്കാമെന്നും പറഞ്ഞതായും ഇഡി ആരോപിക്കുന്നുണ്ട്. ആം ആദ്മി പാര്‍ട്ടിയുടെ മീഡിയ ഇന്‍-ചാര്‍ജായിരുന്ന വിജയ് നായര്‍ ‘സൗത്ത് ഗ്രൂപ്പിന്’ ഇടയില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചുവെന്ന് ഇഡി കുറ്റപത്രത്തില്‍ ആരോപിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളൊക്കെ കണ്ടെത്താനും ഫോണ്‍ കൂടുതല്‍ പരിശോധനയ്ക്ക് വിധേയമാക്കാനുമാണ് ഇഡി ശ്രമിക്കുന്നത്. എന്നാല്‍ ഈ മൊബൈല്‍ എവിടെയെന്ന് അറിയില്ലെന്നാണ് കെജ്രിവാള്‍ ഇഡിയോട് പറഞ്ഞത്.
കേന്ദ്ര അന്വേഷണ ഏജന്‍സി, വെള്ളിയാഴ്ച ഡല്‍ഹി കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് അപേക്ഷയില്‍, കെജ്രിവാളാണ് ‘ഡല്‍ഹി മദ്യ നയ അഴിമതിയുടെ പ്രധാന സൂത്രധാരനെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
ഡല്‍ഹി മദ്യനയ കേസില്‍ കെജ്രിവാളിനെ വ്യാഴാഴ്ചയാണ് കേന്ദ്ര അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തത്. നിലവില്‍ മാര്‍ച്ച് 28 വരെ അദ്ദേഹം ഇഡി കസ്റ്റഡിയിലാണ്.
The interrogation of Delhi Chief Minister Arvind Kejriwal is still going on









