കേരളത്തെ കരയിച്ച് കുവൈറ്റ് ദുരന്തം; കെട്ടിട ഉടമയടെ അത്യാഗ്രഹമാണ് അപകടത്തിന് കാരണമെന്ന് കുവൈറ്റ് ഉപപ്രധാനമന്ത്രി

കുവൈറ്റ്: 49 പേരുടെ ജീവനാണ് കുവൈറ്റില്‍ തൊഴിലാളികളുടെ താമസ കേന്ദ്രത്തില്‍ ഉണ്ടായ തീപിടുത്തത്തില്‍ പൊലിഞ്ഞത്. ഇതില്‍ 25 പേര്‍ മലയാളികളാണെന്നാണ് കുവൈറ്റ് ഭരണകൂടം നല്‍കുന്ന വിവരം. ചികിത്സയിലുള്ള ഏഴുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. മലയാളിയായ വ്യവസായിയുടെ ഉടമസ്ഥതയിലുള്ള എല്‍.ബി.ടി.സി കമ്പനി ജീവനക്കാര്‍ താമസിച്ച ഫ്ളാറ്റ് സമുച്ചയത്തിലാണ് ഇന്നലെ വന്‍ അഗ്നിബാധ ഉണ്ടായത്. 

കമ്പനിയുടെ സ്പോണ്‍സര്‍ കൂടിയായ കുവൈറ്റ് പൗരന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. ഈജിപ്ത് സ്വദേശിയായ സെക്യുരിറ്റി ജീവന്റെ മുറിയിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. കെട്ടിടമ ഉടമയെയും സെക്യുരിറ്റി ജീവനക്കാരനെയും അറസ്റ്റ് ചെയ്യാന്‍ കുവൈറ്റ് സര്‍ക്കാര്‍ ഉത്തരവിട്ടു. 

195 പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഇരുനൂറിലധികം പേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നു. കെട്ടിട ഉടമയുടെ അത്യാഗ്രഹമാണ് ഇതിന് കാരണമെന്ന് കുവൈറ്റ് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഫഹദ് യൂസുഫ് സൗദ് അല്‍ അബാഹ് പറഞ്ഞു. അപടത്തില്‍ പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും കുവൈറ്റ് ഭരണകൂടം അറിയിച്ചു. കുവൈറ്റലിലെ അദാന്‍, ജുബൈര്‍, ഫര്‍വാനിയ, സബ, ജാസിര്‍ എന്നീ ആശുപത്രികളിലായാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

ജോലിയുടെ ക്ഷീണത്തില്‍ തൊഴിലാളികള്‍ ഉറങ്ങുന്നതിനിടെയാണ് മരണം തീനാളവും പുകയുമൊക്കെയായി എത്തിയത്. പലരും പുക കാരണം ശ്വാസം മുട്ടിയാണ് മരിച്ചത്. അഗ്നിബാധയെ തുടര്‍ന്ന് വൈദ്യുതി ബന്ധം തടസ്സപ്പെട്ടിരുന്നു. മുറികള്‍ക്കുള്ളില്‍ പുക നിറയുകയും ഇരുട്ടും ആയതിനാല്‍ പലര്‍ക്കും പുറത്തേക്ക് ഓടി രക്ഷപ്പെടാനായില്ല. പ്രാണരക്ഷാര്‍ത്ഥം കെട്ടിടത്തിന്റെ ബാല്‍ക്കണിയിലേക്ക് എത്തിയവരില്‍ പലരും ജീവന് വേണ്ടി താഴേക്ക്ചാടി. ഇങ്ങനെ ചാടിയവരില്‍ നാലുപേര്‍ മരിച്ചു.

കേരളത്തെ കരയിച്ച ദുരന്തമാണ് അക്ഷരാര്‍ത്ഥത്തില്‍ കൂവൈറ്റില്‍ ഉണ്ടായിരിക്കുന്നത്. വലിയ സ്വപ്നങ്ങളുമായി കടല്‍കടന്നവരുടെ മരണവാര്‍ത്ത കുടുംബാംഗങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.

The Kuwait government has announced an investigation into the fire disaster and action will take against the building owner