
തിരുവനന്തപുരം: അന്‍വര്‍ വിളിച്ച യോഗത്തിലെ ജനക്കൂട്ടത്തെ കാര്യമാക്കുന്നില്ലെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. യോഗത്തിന് ആളുകള്‍ വരുന്നത് സ്വാഭാവികമാണെന്നും ഇത് സി പി എമ്മിനെ ഒരു തരത്തിലും ബാധിക്കില്ലെന്നും മുന്‍കാലത്തും ഇത്തരം അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും അതിനെ പാര്‍ട്ടി അതിജീവിച്ചിട്ടുമുണ്ടെന്ന് അദ്ദേഹം പ്രതിരോധിച്ചു. സി.പി.എമ്മിന്റെ അണികള്‍ ഭദ്രമാണ്. അന്‍വര്‍ പുറത്തുനിന്നുള്ള ആളാണെന്നും രാമകൃഷ്ണന്‍ വ്യക്തമാക്കി.
സി.പി.എമ്മുമായി സഹകരിക്കുന്ന ആളെന്ന നിലയിലാണ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ ഭാഗമായി അന്‍വര്‍ വന്നത്. അന്‍വറുമായി സി.പി.എമ്മിന് ഒരു ബന്ധവുമില്ലെന്ന് പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിനെതിരെ പറയുമ്പോള്‍ അത് കേള്‍ക്കാന്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ടാകും. അങ്ങനെ വന്നുകൂടിയതാണ് ആളുകള്‍.
രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കണോ വേണ്ടയോ എന്ന് അന്‍വര്‍ തീരുമാനിക്കട്ടെ. ദേശീയതലത്തിലും സാര്‍വദേശീയ തലത്തിലും രാഷ്ട്രീയ നിലപാടുള്ള പാര്‍ട്ടിയാണ് സിപിഐഎം. അന്‍വര്‍ സിപിഐഎമ്മിനെ ബാധിക്കുന്ന പ്രശ്നമേയല്ലെന്നും അദ്ദേഹം. പുതിയ സാഹചര്യത്തില്‍ സിപിഐഎമ്മിന് അന്‍വറുമായി യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്. അന്‍വറിന്റെ ഒരു നിലപാടിനും സിപിഐഎമ്മുമായി ബന്ധമില്ല. വൈരുദ്ധ്യ നിലപാടാണ് അന്‍വര്‍ എടുത്തുകൊണ്ടിരിക്കുന്നത്. സിപിഐഎം വിരുദ്ധ നിലപാടിന് പ്രചാരണം കൊടുക്കാന്‍ മാധ്യമങ്ങളുമുണ്ട്. 2016ല്‍ ഈ കൊടുങ്കാറ്റിനെയെല്ലാം അതിജീവിച്ചാണ് ഇടതുമുന്നണി വിജയിച്ചതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.