
ന്യൂഡല്‍ഹി: എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി രാജ്യം ഇന്ന് കേട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗം റെക്കോര്‍ഡിലേക്ക്. ഇന്ത്യയുടെ ചരിത്രത്തിലെ മറ്റേതൊരു പ്രധാനമന്ത്രിയേക്കാളും കൂടുതല്‍ ദൈര്‍ഘ്യമുള്ള സ്വാതന്ത്ര്യദിന പ്രസംഗമാണ് മോദി നടത്തിയത്. 98 മിനിറ്റാണ് ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് മോദി സംസാരിച്ചത്.
2016 ലെ തന്റെ പ്രസംഗത്തിലെ 96 മിനിറ്റിന്റെ റെക്കോര്‍ഡ് മറികടന്നാണ് മോദി ഇക്കുറി രണ്ടുമിനിറ്റ് അധികം സംസാരിച്ചത്. അധികാരത്തിലേറിയതുമുതല്‍ മോദി ഇതുവരെ 11 പ്രാവശ്യം സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയിട്ടുണ്ട്. അതില്‍ 2017ലാണ് താരതമ്യേന ഏറ്റവും ചെറിയ പ്രസംഗം അദ്ദേഹം നടത്തിയത്. 56 മിനിറ്റായിരുന്നു അന്നത്തെ പ്രസംഗം. മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗങ്ങള്‍ ശരാശരി 82 മിനിറ്റാണ്.
മോദിക്ക് മുമ്പ് മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ് 72 മിനിറ്റ് നീണ്ട പ്രസംഗം നടത്തിയത്. മാത്രമല്ല, ഏറ്റവും ചെറിയ സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയതിനുള്ള റെക്കോര്‍ഡ് ജവഹര്‍ലാല്‍ നെഹ്റുവിനും ഇന്ദിരാഗാന്ധിക്കുമുണ്ട്. 14 മിനിറ്റ് മാത്രമുള്ള പ്രസംഗമാണ് 1954 ല്‍ നെഹ്രുവും 1966 ല്‍ ഇന്ദിരയും നടത്തിയത്.















