ലഡ്ഡു വിവാദം കത്തുന്നതിനിടെ തിരുപ്പതി ക്ഷേത്രത്തില്‍ ശുദ്ധി കലശം; ക്ഷമ ചോദിച്ച് ദേവസ്ഥാനം, പ്രായശ്ചിത്തമായി മഹാശാന്തി യാഗം

തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ ശുദ്ധികലശവുമായി ക്ഷേത്രം അധികൃതര്‍. തെറ്റ് ഏറ്റുപറഞ്ഞ് തിരുമല തിരുപ്പതി ദേവസ്ഥാനം മാപ്പ് ചോദിക്കുകയും ചെയ്തു. ലഡ്ഡു നിര്‍മ്മിക്കാന്‍ മൃഗ കൊഴുപ്പ് ഉപയോഗിച്ചിട്ടുണ്ടെന്ന ലാബ് റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് ദേവസ്ഥാനം ക്ഷമ ചോദിച്ചതും പ്രസാദം ഉണ്ടാക്കുന്ന അടുക്കളയില്‍ ശുദ്ധികലശം നടത്തിയതും.

ശുദ്ധി കലശത്തിന്റെ ഭാഗമായി ഇന്ന് രാവിലെയോടെ ക്ഷേത്രത്തില്‍ മഹാശാന്തി യോഗം നടത്തി. തിരുപ്പതി ദേവന് മായം ചേര്‍ന്ന നെയ്യ് കൊണ്ടുണ്ടാക്കിയ പ്രസാദവും ലഡ്ഡുവും കൊണ്ട് വഴിപാട് നടത്തിയതില്‍ തെറ്റ് സംഭവിച്ചുവെന്നും തെറ്റ് തിരുത്തി ക്ഷേത്രത്തിന്റെ പവിത്രത നിലനിര്‍ത്തുക എന്നതായിരുന്നു യാഗത്തിന്റെ ലക്ഷ്യമെന്നും അധികൃതര്‍ വ്യക്തമാക്കി. പ്രായശ്ചിത്തം എന്ന നിലയ്ക്കാണ് മഹാശാന്തി യാഗം നടത്തിയത്.

പഞ്ചഗവ്യം ഉപയോഗിച്ച് ലഡ്ഡു ഉണ്ടാക്കുന്ന അടുക്കളയും പ്രസാദം ഉണ്ടാക്കുന്ന അടുക്കളയും ശുദ്ധീകരിച്ചു. കൂടാതെ ക്ഷേത്ര പരിസരം മുഴുവനും പഞ്ചഗവ്യം ഉപയോഗിച്ച് ശുദ്ധീകരിച്ചുവെന്നും ബോര്‍ഡ് വ്യക്തമാക്കി. രാവിലെ 6 മണി മുതല്‍ നാല് മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന ശുദ്ധികലശമാണ് നടത്തിയത്. എട്ട് പുരോഹിതന്മാരും പണ്ഡിതന്മാരും ചടങ്ങില്‍ പങ്കെടുത്തു. ക്ഷേത്രം ഭരിക്കുന്ന സര്‍ക്കാര്‍ ട്രസ്റ്റായ തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ശ്യാമള റാവുവും മറ്റ് ഉദ്യോഗസ്ഥരും എത്തിയിരുന്നു.

ഗുജറാത്തിലെ നാഷണല്‍ ഡയറി ഡെവലപ്‌മെന്റ് ബോര്‍ഡിന് കീഴില്‍ നടത്തിയ പരിശോധനയിലാണ് തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പും മീനെണ്ണയുടെ അംശവും കണ്ടെത്തിയത്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുന്‍ വൈഎസ്ആര്‍സിപി സര്‍ക്കാരിനെ ഉന്നമിട്ട് നിലവിലെ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് പരിശോധന ഫലം പുറത്തുവിട്ട് വലിയ വിവാദത്തിന് തിരികൊളുത്തിയത്.

More Stories from this section

family-dental
witywide