ഇനി ‘പാണ്ട’യോ ‘കുറുക്കനോ’ ആയാല്‍ മതി, ‘നായ’യായി മാറിയ ജപ്പാന്‍കാരന്റെ പുതിയ ആഗ്രഹം!

ചെറുപ്പകാലം മുതല്‍ നായകളെ വലിയ ഇഷ്ടമായിരുന്നു ‘ടോക്കോ’ (യഥാര്‍ത്ഥ പേരല്ല) എന്ന ജപ്പാന്‍ കാരന്. ഇഷ്ടം കൂടിക്കൂടി ഒടുവില്‍ ഒരു നായയായി മാറാന്‍ 14,000 ഡോളര്‍ (12 ലക്ഷം രൂപ) ചെലവഴിച്ച് അയാള്‍ തന്റെ ലക്ഷ്യത്തിലെത്തി. സൈബറിടത്തില്‍ വാര്‍ത്തകളായും അത്ഭുതമായും ചിലരെങ്കിലും ഇതെന്തു മനുഷ്യനെന്ന് പുഞ്ചിക്കുകയും ചെയ്യുന്നുണ്ട് ടോക്കോയെ.

ഇപ്പോഴിതാ നായയായി ജീവിച്ച് മടുത്തെന്നും ഇനി മറ്റ് ചില മൃഗങ്ങളായി മാറാനാണ് തനിക്ക് ആഗ്രഹമെന്നും ടോക്കോ വെളിപ്പെടുത്തിയിരിക്കുകയാണ്. അടുത്തിടെ, ടോക്കോ ഒരു ജാപ്പനീസ് വാര്‍ത്താ ഔട്ട്ലെറ്റിനോട് സംസാരിക്കുകയും താന്‍ ഇപ്പോള്‍ ഒരു പുതിയ മൃഗമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുകയും ചെയ്തു. താന്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന നാല് മൃഗങ്ങളുണ്ടെന്നും എന്നാല്‍ അവയില്‍ രണ്ടെണ്ണം തന്റെ ആഗ്രഹം മാത്രമാണെന്നും അത് സാധ്യമാകില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന നാല് മൃഗങ്ങളില്‍ പാണ്ടയും കുറുക്കനും പൂച്ചയും മറ്റൊരു ഇനത്തിലെ നായയുമാണ് ഉള്‍പ്പെടുന്നതെന്ന് അദ്ദേഹം വെളിപ്പെടുത്തി. ഇപ്പോള്‍ ബോര്‍ഡര്‍ കോലി ഇനത്തിലെ നായയുടെ രൂപമാണ് താന്‍ സ്വീകരിച്ചതെന്നും എന്നാല്‍ ഈ രൂപത്തില്‍ നടക്കുമ്പോള്‍ രോമങ്ങളും ശരീരവും വേഗത്തില്‍ അഴുക്കുപിടിക്കുന്നുവെന്നും ടോക്കോ പറയുന്നു. അതിനാലാണ് മറ്റൊരു മൃഗത്തിന്റെ രൂപത്തിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നതെന്നും വ്യക്തമാക്കുന്നു.

എന്റെ കൈകാലുകള്‍ നായ്ക്കളെപ്പോലെയാക്കാനുള്ള വഴികള്‍ ഞാന്‍ ഇപ്പോള്‍ ഗവേഷണം ചെയ്യുകയാണെന്നും മറ്റൊരു നായയോ പാണ്ടയോ കരടിയോ ആകാന്‍ തനിക്ക് കഴിഞ്ഞേക്കുമെന്നുമാണ് ഈ മനുഷ്യന്റെ അടുത്ത ആത്മവിശ്വാസം. ഒരു കുറുക്കനോ പൂച്ചയോ നല്ലതായിരിക്കും, പക്ഷേ അവ മനുഷ്യര്‍ക്ക് ശ്രമിക്കാന്‍ കഴിയാത്തത്ര ചെറുതാണെന്നും എന്നെങ്കിലും മറ്റൊരു മൃഗമാകാനുള്ള എന്റെ സ്വപ്നം നിറവേറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്നും ടോക്കോ വ്യക്തമാക്കി.

തന്റെ യഥാര്‍ത്ഥ പേര് വെളിപ്പെടുത്താന്‍ വിസമ്മതിച്ചയാള്‍ തന്റെ ചാനലില്‍ ‘നായ നടത്തത്തിന്’ പോകുന്നതും ‘നായ ഭക്ഷണം’ കഴിക്കുന്നതും പുതിയ തന്ത്രങ്ങള്‍ പഠിക്കുന്നതും കാണിക്കുന്ന ക്ലിപ്പുകള്‍ നിരന്തരം പോസ്റ്റ് ചെയ്യാറുണ്ട്. തന്റെ പാത പിന്തുടരാന്‍ ആഗ്രഹിക്കുന്ന നിരവധി ആളുകളില്‍ നിന്നും തന്റെ യൂട്യൂബ് ചാനലില്‍ നിരവധി സന്ദേശങ്ങള്‍ തനിക്ക് ലഭിക്കുന്നുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.