ഈ നോട്ടമുണ്ടല്ലോ…അതാണ് നെഞ്ച് തുളയ്ക്കുന്നത് ! ആടു ജീവിതത്തിന്റെ പുതിയ പോസ്റ്റര്‍ എത്തി

ആടു ജീവിതം എന്ന സിനിമ വെള്ളിത്തിരയിലേക്ക് കോറിയിടും മുമ്പേ മലയാളികള്‍ക്ക് സുപരിചിതമായ കഥയാണ്. ബെന്യാമിന്റെ അവാര്‍ഡ് വിന്നിങ്ങ് നോവലായ ‘ആടുജീവിതം’ത്തെ ആസ്പദമാക്കിയുള്ള ചിത്രം ബ്ലെസ്സിയുടെ സംവിധാനത്തിലാണ് ഒരുങ്ങുന്നത്. പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ആടു ജീവിതം.

ചിത്രത്തില്‍ ഗംഭീര മേക്കോവറാണ് പൃഥ്വിരാജ് നടത്തിയിരിക്കുന്നത്. ഈ ചിത്രത്തിനു വേണ്ടി താന്‍ നടത്തിയ മേക്കോവര്‍ ഇനി ഒരിക്കലും മറ്റൊരു ചിത്രത്തിനു വേണ്ടിയും നടത്തില്ലെന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. അത്രയേറെ കഷ്ടപ്പാടുകളാണ് ഈ ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയത്. ചിത്രം ഇറങ്ങുംമുമ്പേ ചര്‍ച്ചയായതാണ് പൃഥ്വിരാജിന്റെ ലുക്ക്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ സിനിമയാണിത്.

ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. പുതിയ പോസ്റ്ററില്‍ പൃഥ്വിരാജിന്റെ ലുക്കാണ് ചര്‍ച്ചയാകുന്നത്. ദയനീയതയില്‍ നിന്നുള്ള നോട്ടം വളരെ ഹൃദയ സ്പര്‍ശിയാണ്.

അമല പോളാണ് പൃഥ്വിരാജിന്റെ നായികയായി ചിത്രത്തിലെത്തുന്നത്. ജോര്‍ദാന്‍ പ്രധാന ലൊക്കേഷനായ ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ജൂലൈ 14നാണ് പൂര്‍ത്തിയായത്.

എ.ആര്‍. റഹ്മാനാണ് ചിത്രത്തിന് സംഗീതം നിര്‍വഹിക്കുന്നത്. കെ.എസ്. സുനിലാണ് ഛായാഗ്രാഹകന്‍. പ്രശാന്ത് മാധവ് കലാസംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ്മാന്‍ രഞ്ജിത്ത് അമ്പാടിയാണ്. റസൂല്‍ പൂക്കുട്ടിയാണ് സിനിമയുടെ സൗണ്ട് ഡിസൈനര്‍. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. മലയാളത്തില്‍ ഏറ്റവുമധികം നാളുകള്‍ ചിത്രീകരണം നീണ്ടുപോയ സിനിമകളിലൊന്നാണ് ആടുജീവിതം.