
ന്യൂഡല്‍ഹി: ഇന്തോനേഷ്യയിലെ ഒരു വിമാനം രണ്ട് പൈലറ്റുമാരും ഉറങ്ങിപ്പോയതിനെത്തുടര്‍ന്ന് 28 മിനിറ്റ് വഴിതെറ്റി യാത്ര ചെയ്തതായി റിപ്പോര്‍ട്ട്.
തെക്കുകിഴക്കന്‍ സുലവേസി പ്രവിശ്യയിലെ കെന്ദരിയില്‍ നിന്ന് ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലേക്കുള്ള യാത്രയ്ക്കിടെ ബാറ്റിക് എയര്‍ ബിടികെ 6723-ന്റെ പൈലറ്റും കോ-പൈലറ്റും ഉറങ്ങിപ്പോകുകയായിരുന്നു. ഇരുവരും ഏകദേശം 28 മിനിട്ട് ഉറങ്ങിപ്പോകുകയും പിന്നീട് ഉണര്‍ന്നപ്പോള്‍ വിമാനം ദിശതെറ്റി സഞ്ചരിക്കുന്നത് മനസിലാക്കുകയുമായിരുന്നു.
പിന്നീട് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത പൈലറ്റുമാര്‍ രണ്ട് മണിക്കൂറും 35 മിനിറ്റും സമയമെടുത്ത് വിമാനം ജക്കാര്‍ത്തയില്‍ വിജയകരമായി ലാന്‍ഡ് ചെയ്യിച്ചു. ജനുവരി 25ന് നടന്ന സംഭവം ഇപ്പോഴാണ് പുറംലോകം അറിയുന്നത്. സംഭവത്തില്‍ ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രാലയം അന്വേഷണം നടത്തുകയാണ്.
സംഗതി അപകടകരമായ അശ്രദ്ധയായിരുന്നെങ്കിലും വിമാനത്തിലുണ്ടായിരുന്ന 153 യാത്രക്കാര്‍ക്കും നാല് ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാര്‍ക്കും പറക്കലിനിടെ പരിക്കേല്‍ക്കുകയോ വിമാനത്തിന് മറ്റ് അപകടമോ കേടുപാടുകളോ സംഭവിച്ചിരുന്നില്ല.
ജക്കാര്‍ത്തയില്‍ നിന്നും കെന്ദേരിയിലേക്കെത്തുകയും വീണ്ടും തിരിച്ച് ജക്കാര്‍ത്തയിലേക്ക് മടങ്ങുകയും ചെയ്യുന്ന ഫ്‌ളൈറ്റായിരുന്നു അത്. യാത്രയ്ക്കിടെ തനിക്ക് അല്‍പം വിശ്രമം ആവശ്യമാണെന്ന് പൈലറ്റിനോട് സഹ പൈലറ്റ് പറഞ്ഞിരുന്നു. ഇതിന്‍ പ്രകാരം 36,000 അടി ഉയരത്തില്‍ വിമാനം പറന്നതിന് ശേഷം പൈലറ്റ് സഹ പൈലറ്റിനോട് വിശ്രമിക്കാന്‍ ആവശ്യപ്പെട്ടു. സഹ പൈലറ്റ് കോക്ക്പിറ്റിനുള്ളില്‍ ‘ഏകദേശം 30 മിനിറ്റ്’ ഉറങ്ങി. വിമാനം കെന്ദേരിയിലേക്ക് ഇറങ്ങാന്‍ തുടങ്ങുന്നതിന് മുമ്പ് കോ-പൈലറ്റ് ഉണരുകയും വിമാനം സുരക്ഷിതമായി ലാന്‍ഡ് ചെയ്യുകയും ചെയ്തു. കെന്ദേരിയിലേക്കുള്ള യാത്രയില്‍ പ്രശ്‌നമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും മടക്ക യാത്രയിലാണ് ഇരുവരും ഉറങ്ങിപ്പോയ സംഭവമുണ്ടായത്.
വിമാനം കെന്ദേരിയില്‍ നിന്ന് പുറപ്പെട്ട് ഉയരത്തില്‍ എത്തിയ ശേഷം, പൈലറ്റ് സഹ പൈലറ്റിനോട് ഉറങ്ങാന്‍ അനുമതി തേടുകയും സഹ പൈലറ്റ് അത് അനുവദിക്കുകയും ചെയ്തു. ഇടയ്ക്ക് ഉണര്‍ന്ന പൈലറ്റ്, സഹ പൈലറ്റിനോട് വിശ്രമം ആവശ്യമുണ്ടോ എന്ന് ചോദിച്ചെങ്കിലും സഹപൈലറ്റ് വേണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് പൈലറ്റ് വീണ്ടും ഉറങ്ങുകയായിരുന്നു.
പക്ഷേ, താമസിയാതെ സഹപൈലറ്റും അറിയാതെ ഉറങ്ങിപ്പോയി. എയർട്രാഫിക് കൺട്രോൾ വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയൊന്നും കിട്ടിയില്ല. ഏതാണ്ട് 28 മിനിട്ട് ആരും പ്രതികരിച്ചില്ല. ഉറക്കമുണർന്ന പൈലറ്റ് വേഗം സഹ പൈലറ്റിനെ വിളിച്ചുണര്‍ത്തുകയും വിമാനത്തിൻ്റെ നിയന്ത്രണം ഏറ്റെടുക്കുകയും ചെയ്തു. വിമാനം കുറച്ചു ദൂരം വഴിമാറി പോയിരുന്നു. വിമാനത്തിലേക്ക് കയറും മുമ്പ് ഇരുവരും എല്ലാ മെഡിക്കൽ പരിശോധനകളും പൂർത്തിയാക്കിയിരുന്നു. ഇരുവരും മദ്യപിച്ചിരുന്നുമില്ല എന്നാണ് മെഡിക്കൽ റിപ്പോർട്ട് . ഉറങ്ങിപ്പോയ സഹപൈലറ്റിന് ഒരു മാസം മുൻപ് ഇരട്ട കുട്ടികൾ ജനിച്ചിരുന്നു. വീട്ടിൽ രാത്രി അയാളുടെ ഉറക്കം ശരിയായിട്ടുണ്ടാവില്ല എന്നാണ് കരുതുന്നത്. അതുമൂലമുള്ള ക്ഷീണം കൊണ്ട് അയാൾ ഉറങ്ങിപ്പോയതാവാം. അന്വേഷണ വിധേയമായി ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇന്തോനേഷ്യന്‍ ഗതാഗത മന്ത്രാലയം പ്രാദേശിക വിമാനക്കമ്പനിയായ ബാത്തിക് എയറിനെതിരെ അന്വേഷണം നടത്തുമെന്ന് സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
പൈലറ്റ് ബോധരഹിതനായതിനെത്തുടര്‍ന്ന് ഇതേ എയര്‍ലൈന്‍ അടിയന്തര ലാന്‍ഡിംഗ് നടത്താന്‍ നിര്‍ബന്ധിതമായ സംഭവവും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
The pilot and co-pilot fell asleep; The Indonesian plane lost its way












