
ദുബൈ: യാത്രക്കാര്‍ക്ക് അപകടം ഉണ്ടാക്കുന്ന വിധം വിമാനം ഇടിച്ചിറക്കിയതിനെത്തുടര്‍ന്ന് പൈലറ്റിനെ സസ്‌പെന്‍ഡ് ചെയ്ത് എയര്‍ ഇന്ത്യ. ഡിസംബര്‍ 20 ന് കൊച്ചിയില്‍ നിന്നും ദുബൈയിലേക്ക് പുറപ്പെട്ട A320 എന്ന വിമാനത്തിലെ പൈലറ്റിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തില്‍ ലാന്‍ഡ് ചെയ്യുവാന്‍ കഴിയുമായിരുന്നിട്ടും പൈലറ്റ് വിമാനം ഇടിച്ചിറക്കിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.
ഡയറക്ടറേറ്റ് ജെനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ചട്ടങ്ങള്‍ അനുസരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും അത് പൂര്‍ത്തിയാകുന്നതുവരെ പൈലറ്റിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണെന്നും എയര്‍ ഇന്‍ഡ്യ വക്താവ് അറിയിച്ചു. എയര്‍ ഇന്‍ഡ്യയുടെ പുതിയ വിമാനമാണ് A320. സംഭവത്തിനു ശേഷം
പരിശോധനയ്ക്കായി വിമാനം ദുബൈയില്‍ നിര്‍ത്തിയിട്ടിരിക്കുകയാണ്. നിലവില്‍ തകരാറുകളൊന്നും കണ്ടെത്തിയിട്ടില്ല. അതേസമയം ഫ്ളൈറ്റ് ട്രാകിംഗ് സൈറ്റുകള്‍ പ്രകാരം, സംഭവത്തിന് ശേഷം വിമാനം പറന്നിട്ടില്ലെന്നാണ് വിവരം.