‘ആര്‍എസ്എസിന്റെ കയ്യിലെ പാവയെ പോലെയാണ് പ്രധാനമന്ത്രി പെരുമാറുന്നത്’; രൂക്ഷ വിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖര്‍ഗെ

ബെംഗളൂരു: ആര്‍എസ്എസിന്റെ കയ്യിലെ പാവയെ പോലെയാണ് പ്രധാനമന്ത്രി പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ. ആര്‍എസ്എസും ബിജെപിയും ഭരണഘടന ഇല്ലാതാക്കാനാണ് ശ്രമിക്കുന്നതെന്നും ഖാര്‍ഗെ ആരോപിച്ചു. റിപ്പബ്ലിക്ദിനത്തില്‍ കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന സമിതി കാര്യാലയത്തില്‍ ദേശീയ പതാക ഉയര്‍ത്തിയതിന് ശേഷം സംസാരിക്കുകയായിരുന്നു രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഖര്‍ഗെ.

‘രാജ്യത്തിനൊരു ഭരണഘടനയില്ലെങ്കില്‍ ജനാധിപത്യത്തെ സംരക്ഷിക്കാനാവില്ല. സ്വാതന്ത്ര്യ സമര നേതാക്കളും ഭരണഘടന സമിതി അംഗങ്ങളും ഏറെ കഠിനാധ്വാനം ചെയ്താണ് നമ്മുടെ രാജ്യത്തിന് ഭരണഘടന ഉണ്ടാക്കിയത്. ഭരണഘടനയില്‍ അടിസ്ഥാന തത്വങ്ങളായ തുല്യത, സാഹോദര്യം, മതേതരത്വം, നീതി എന്നിവയെ ഉള്‍ക്കൊണ്ടിരുന്നു. ആര്‍എസ്എസും ബിജെപിയും ഭരണഘടന തകര്‍ക്കാനാണ് ഗൂഢാലോചന നടത്തുന്നത്. അത് മാറ്റാന്‍ ശ്രമിക്കുന്നു. നമ്മുടെ സ്വയംഭരണ സ്ഥാപനങ്ങളെ ഓരോന്നായി തകര്‍ക്കാനായി എല്ലാ ശ്രമങ്ങളും നടത്തുകയാണ് ബിജെപി.

പ്രത്യേകിച്ച് മോദി ആര്‍എസ്എസിന്റെ കയ്യിലെ പാവയെ പോലെയാണ് പെരുമാറുന്നത്. നമ്മുടെ നീതിന്യായ വ്യവസ്ഥയും മതേതരത്വവും വെല്ലുവിളി നേരിടുകയാണ്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയത് കോണ്‍ഗ്രസാണ്. പക്ഷെ ബിജെപിയുടെ അവകാശം തങ്ങളാണ് ഈ രാജ്യത്തിന്റെ ഏക രക്ഷകരെന്നാണ്. അവര്‍ ദേശഭക്തിയെ കുറിച്ച് സംസാരിക്കുന്നു. യുവജനങ്ങള്‍ക്കിടയില്‍ തങ്ങള്‍ മാത്രമാണ് യഥാര്‍ത്ഥ രാജ്യസ്നേഹികളെന്നും മറ്റുള്ളവര്‍ വഞ്ചകരാണെന്നും സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. അംബേദ്കര്‍ പറഞ്ഞത് ഇന്ന് ശരിയാവുകയാണ്.

ഭരണഘടന നടപ്പിലാക്കുന്നത് നല്ലവരല്ല ഇപ്പോള്‍. അതാണ് നമ്മള്‍ ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഭരണഘടനക്കും ജനാധിപത്യത്തിനെതിരെയും ഭീഷണിയുണ്ട്. പണപ്പെരുപ്പവും തൊഴിലില്ലായ്മയും വര്‍ധിക്കുന്നു. ഇത് നിയന്ത്രിക്കണമെങ്കില്‍ നിങ്ങളെല്ലാവരും പാര്‍ട്ടിയോട് കൂറുകാണിക്കുകയും ശക്തിപ്പെടുത്തുകയും വേണം. ഇന്ന് പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടും നാളെ പോയിട്ടും അല്ല അത്. ഒരാളെ പാര്‍ട്ടിയില്‍ ചേര്‍ക്കുന്നതിന് മുന്‍പ് അദ്ദേഹത്തിന്റെ പശ്ചാത്തലവും പ്രത്യയശാസ്ത്രവും പരിശോധിക്കുന്നത് പ്രധാനമാണെന്നും’ ഖര്‍ഗെ പറഞ്ഞു.