
ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രം ഇന്ന് മുതല്‍ പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുക്കും. രാവിലെ മുതല്‍ തന്നെ ദര്‍ശനം തുടങ്ങും. രാവിലെ 7 മുതൽ 11.30 വരെയും പിന്നീട് ഉച്ചകഴിഞ്ഞ് 2 മുതൽ 7 വരെയും ഗേറ്റുകൾ പൊതുജനങ്ങൾക്കായി തുറക്കും. രാവിലെ മുതല്‍ വന്‍ ഭക്തജനത്തിരക്കിലാണ് അയോധ്യ.
ഇന്നലെ പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കായി മാത്രമായിരുന്നു ദര്‍ശനം. ഇന്നലെ ഉച്ചയ്ക്ക് അഭിജിത് മുഹൂര്‍ത്തത്തില്‍ ഏറ്റവും വിശേഷപ്പെട്ട സമയമായ ഉച്ചയ്ക്ക് 12:29:08 നും 12:30:32 നും ഇടയിലാണ് ബാലരാമ വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങ് നടന്നത്. മുഖ്യയജമാനന്‍ ആയിരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രതിഷ്ഠാ ചടങ്ങിന് നേതൃത്വം വഹിച്ചത്.
കാശിയിലെ വേദപണ്ഡിതന്‍ ലക്ഷ്മികാന്ത് ദീക്ഷിത് ആണ് ചടങ്ങിന് കാര്‍മികത്വം വഹിച്ചത്. ചടങ്ങിന് സാക്ഷിയായി 121 ആചാര്യന്മാരും പ്രമുഖ വ്യക്തികളും സന്നിഹിതരായിരുന്നു.
ഇനിയും പണി പൂര്‍ത്തിയാകാത്ത ക്ഷേത്രത്തിന്റെ ബാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങളും ഇതോടൊപ്പം പുരോഗമിക്കുകയാണ്. പണി പൂര്‍ത്തിയാകാന്‍ ഏകദേശം രണ്ട് വര്‍ഷമെങ്കിലും വേണ്ടിവരുമെന്നാണ് വിലയിരുത്തലുകള്‍. ഒരാഴ്ച നീണ്ട അനുഷ്ഠാനങ്ങളുടെ ഭാഗമായി ശയ്യാധിവാസത്തിനു കിടത്തിയ രാമ വിഗ്രഹത്തെ ഉണര്‍ത്താനുള്ള ജാഗരണ അധിവാസത്തോടെയാണ് ഇന്നലെ ചടങ്ങുകള്‍ തുടങ്ങിയത്. രാവിലെ ജലാഭിഷേകവും നടന്നു. വിവിധ നദികളില്‍നിന്നും പുണ്യസ്ഥലങ്ങളില്‍നിന്നും ശേഖരിച്ച 114 കലശങ്ങളില്‍ നിറച്ച ജലംകൊണ്ടാണ് ഞായറാഴ്ച വിഗ്രഹത്തിന്റെ സ്‌നാനം നടത്തിയത്. തുടര്‍ന്നായിരുന്നു പ്രാണ പ്രതിഷ്ഠ.
മൈസൂരിലെ ശില്‍പി അരുണ്‍ യോഗിരാജ് കൃഷ്ണശിലയില്‍ തീര്‍ത്ത 51 ഇഞ്ച് വിഗ്രഹമാണ് പ്രതിഷ്ഠ. 5 വയസുള്ള ബാലനായ രാമന്റെ വിഗ്രഹമാണിത്. ഇതോടൊപ്പം ഇതുവരെ താല്‍ക്കാലിക ക്ഷേത്രത്തില്‍ ആരാധിച്ചിരുന്ന രാംല്ല വിഗ്രഹമടക്കമുള്ളവയും പ്രതിഷ്ഠിച്ചിട്ടുണ്ട്.