വിനേഷ് ഫോഗട്ടിന്റെ ഭാരം കൂടാന്‍ കാരണമിത്, ലോക കായിക കോടതിയില്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ ഗുസ്തി മെഡല്‍ പ്രതീക്ഷയ്ക്ക് കനത്ത തിരിച്ചടി നല്‍കിയാണ് വിനേഷ് ഫോഗട്ടിന്റെ അയോഗ്യത എത്തിയത്. അനുവദനീയമായതിലും 100 ഗ്രാം ഭാരം വര്‍ദ്ധിച്ചതിനെ തുടര്‍ന്നാണ് വിനേഷിന് കളിക്കളത്തില്‍ നിന്നും പുറത്തുപോകേണ്ടി വന്നത്. ഇതേത്തുടര്‍ന്ന് താരം സംയുക്ത വെള്ളി മെഡലിനായി ലോക കായിക കോടതി അഥവാ കോടതി ഓഫ് ആര്‍ബിട്രേഷന്‍ (സിഎഎസ്) നില്‍ ഹര്‍ജി നല്‍കിയിരുന്നു. മത്സരങ്ങള്‍ക്ക് മുമ്പെല്ലാം ഭാരപരിശോധന നടത്തുന്നതിനാല്‍ മൂന്ന് മല്‍സരങ്ങള്‍ ജയിച്ച തനിക്ക് വെള്ളി മെഡലിന് അര്‍ഹതയുണ്ടെന്നാണ് വിനീഷ് അപ്പീലില്‍ പ്രധാനമായും ഉന്നയിച്ചിരിക്കുന്നത്.

13 ന് എത്തുന്ന വിധിക്കായി ഇന്ത്യ മുഴുവന്‍ കാത്തിരിക്കുകയാണ്. ഹര്‍ജിയില്‍ ഭാര വര്‍ദ്ധനവിന്റെ കാരണമായി വിനേഷിന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയ പ്രധാന കാരണം വിനേഷിന്റെ മത്സരങ്ങള്‍ക്കിടയിലുള്ള ടൈറ്റ് ഷെഡ്യൂളും അത്ലറ്റുകളുടെ ഗ്രാമവും മത്സര വേദിയും തമ്മിലുള്ള ദൂരവുമാണ്.

ഇന്ത്യന്‍ എക്സ്പ്രസിലെ റിപ്പോര്‍ട്ട് അനുസരിച്ച്, ഫോഗട്ടിന്റെ അഭിഭാഷകന്‍ ഗുസ്തി മത്സരത്തിന്റെ വേദിയായ ചാമ്പ് ഡി മാര്‍സ് അരീനയും അത്ലറ്റ്സ് വില്ലേജും തമ്മിലുള്ള ദൂരം എടുത്തുകാണിച്ചു. മാത്രമല്ല, മത്സരങ്ങള്‍ക്കിടയിലെ ടൈറ്റ് ഷെഡ്യൂള്‍ ഭാരം കുറയ്ക്കാന്‍ വേണ്ടത്ര സമയം അനുവദിച്ചില്ലെന്നും മത്സരത്തിന്റെ ആദ്യ ദിനത്തിന് ശേഷം 52.7 കിലോഗ്രാം ഭാരം വര്‍ദ്ധിച്ചെന്നും അഭിഭാഷകന്‍ പറഞ്ഞു.

കൂടാതെ, 100 ഗ്രാം അധികമായത് വളരെ നിസ്സാരമാണെന്നും വേനല്‍ക്കാലത്ത് മനുഷ്യശരീരം വീര്‍ക്കുന്നതിനാല്‍ ഇത് എളുപ്പത്തില്‍ സംഭവിക്കാമെന്നും കാരണം ചൂട് മനുഷ്യശരീരത്തില്‍ ശാസ്ത്രീയമായി അതിജീവനത്തിനായി കൂടുതല്‍ വെള്ളം നിലനിര്‍ത്തുന്നുവെന്നും അഭിഭാഷകന്‍ വാദിച്ചു. അത്ലറ്റ് ഒരേ ദിവസം മൂന്ന് തവണ മത്സരിച്ചതിനാല്‍ പേശികള്‍ക്കുണ്ടാകുന്ന മാറ്റവും ഭാരം വര്‍ദ്ധിക്കുന്നതിന് കാരണമായി ചൂണ്ടിക്കാട്ടിയിരുന്നു. മത്സരങ്ങള്‍ക്ക് ശേഷം അത്‌ലറ്റിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ വേണ്ടിയുള്ള ഭക്ഷണം കഴിക്കുന്നതും ഇതിന് കാരണമാകാമെന്നും ചൂണ്ടിക്കാട്ടി.

താരത്തിന്റെ കഠിനാധ്വാനവും മെഡല്‍ നല്‍കേണ്ടതിന്റെ ആവശ്യകതയും കോടതിയില്‍ എടുത്തുകാണിച്ചാണ് അഭിഭാഷകന്‍ വാദം ഉയര്‍ത്തിയത്.

More Stories from this section

family-dental
witywide