
ലോകത്തെ രണ്ടാമത്ത ഉയരം കൂടിയ കെട്ടിടത്തേയും സ്വന്തം മണ്ണില്‍ പണിതുയര്‍ത്താന്‍ ദുബായ് തയ്യാറെടുക്കുന്നു. ദുബായിലെ ഷെയ്ഖ് സായിദ് റോഡിനു സമീപം ഉയരുന്ന ബുര്‍ജ് അസീസിക്ക് 725 മീറ്റര്‍ ഉയരമുണ്ടാകും. 828 മീറ്റര്‍ ഉയരമുള്ള ബുര്‍ജ് ഖലീഫയാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം.
പെന്റ്ഹൗസുകള്‍, അപ്പാര്‍ട്ടുമെന്റുകള്‍, ഹോളിഡേ ഹോമുകള്‍ എന്നിവ ഉള്‍പ്പെടെ ഏഴ് സാംസ്‌കാരിക തീമുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു സെവന്‍ സ്റ്റാര്‍ ഹോട്ടലും ഇതിലുണ്ടാകും. വെല്‍നസ് സെന്ററുകള്‍, നീന്തല്‍ക്കുളങ്ങള്‍, തീയേറ്ററുകള്‍, ജിമ്മുകള്‍, മിനി മാര്‍ക്കറ്റുകള്‍, റസിഡന്റ് ലോഞ്ചുകള്‍, കുട്ടികളുടെ കളിസ്ഥലം തുടങ്ങി നിരവധി സൗകര്യങ്ങളും ബുര്‍ജ് അസീസി വാഗ്ദാനം ചെയ്യുന്നു.
ദുബായിലെ ഷെയ്ഖ് സായിദ് റോഡിനോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന കെട്ടിടത്തില്‍ 131-ലധികം നിലകളുണ്ടാകും. നിലവില്‍, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ ടവര്‍ 679 മീറ്റര്‍ ഉയരമുള്ള ക്വാലാലംപൂരിലെ മെര്‍ദേക്ക 118 ആണ്.
ബുര്‍ജ് അസീസിയുടെ നിക്ഷേപ മൂല്യം 1.5 ബില്യണ്‍ ഡോളര്‍ (AED3.67 ബില്യണ്‍) ആണെന്നും 2028-ല്‍ പൂര്‍ത്തീകരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ട്. അടുത്ത ഫെബ്രുവരിയിലാകും കെട്ടിടത്തിലെ ഫ്‌ളാറ്റുകളുടെ വില്പന തുടങ്ങുക.
പതിനൊന്നാം നിലയില്‍ ഒരു ഹോട്ടല്‍ ലോബി, 126ാം നിലയില്‍ നിശാക്ലബ്, 130ാം നിലയില്‍ ഒരു നിരീക്ഷണ ഡെക്ക്, 122ാം നിലയില്‍ ഒരു റെസ്റ്റോറന്റ്, 118ല്‍ ഒരു ഹോട്ടല്‍ റൂം എന്നിവയും അസീസിയില്‍ ഇടംപിടിക്കും.
ടവറിന്റെ നിര്‍മ്മാണം 2024 ജനുവരിയില്‍ ആരംഭിച്ചു. നിര്‍മ്മാതാക്കള്‍ ബുര്‍ജ് അസീസിയുടെ പൈലിംഗ്, ഫൗണ്ടേഷന്‍ ജോലികള്‍ക്കായി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഗ്രൂപ്പ് എല്‍എല്‍സിയുമായാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. നിര്‍മ്മാണ ജോലികള്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുകയാണ്.