
ന്യൂഡല്‍ഹി: ബലാത്സംഗത്തിനിരയായ 14 വയസുകാരിക്ക് 30 ആഴ്ചയെത്തിയ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി സുപ്രീം കോടതി. ബോംബെ ഹൈക്കോടതിയുടെ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ബാലികയ്ക്ക് അനുകൂലമായി സുപ്രീം കോടതി വിധി എത്തിയത്.
ഗര്‍ഭാവസ്ഥയുടെ 24 ആഴ്ചകള്‍ക്കപ്പുറം ഗര്‍ഭഛിദ്രം നടത്താന്‍ ഇന്ത്യയില്‍ കോടതിയുടെ അനുമതി ആവശ്യമാണ്. ഇതൊരു അസാധാരണ കേസാണെന്നും ആശുപത്രി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗര്‍ഭച്ഛിദ്രത്തിന് അനുമതി നല്‍കിയതെന്നും കോടതി വ്യക്തമാക്കി.
ഈ ഘട്ടത്തില്‍ ഗര്‍ഭഛിദ്രത്തിന് വിധേയമാകുന്നത് ചില അപകടസാധ്യതകളുളവാക്കുമെങ്കിലും പ്രസവത്തേക്കാള്‍ അപകടസാധ്യത കുറവായിരിക്കും ഇപ്പോള്‍ ഗര്‍ഭഛിദ്രം നടത്തുന്നതെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ വെള്ളിയാഴ്ച സുപ്രീം കോടതി അടിയന്തര വാദം കേള്‍ക്കുകയും ഗര്‍ഭച്ഛിദ്രം ശാരീരികമായും മാനസികമായും ബാധിക്കുമോയെന്നറിയാന്‍ പെണ്‍കുട്ടിയെ മഹാരാഷ്ട്ര ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.