
തിരുവനന്തപുരം: മുന്‍ മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടി മുതല്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. ആന്റണി രാജുവിനൊപ്പം ഒത്തുകളിക്കുകയാണോ എന്നാണ് സംസ്ഥാന സര്‍ക്കാരിനോട് സുപ്രീം കോടതി ചോദിച്ചത്.
കേസില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്കാത്തത് ഗൗരവതരമാണെന്ന് നിരീക്ഷിച്ച ജസ്റ്റിസുമാരായ സിടി രവികുമാര്‍ രാജേഷ് ബിന്‍ഡാല്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച്, എല്ലാ വസ്തുതകളും വ്യക്തമാണെന്നിരിക്കെ കേരളത്തിന് ഇനി എന്ത് മറുപടിയാണ് നല്കാനുള്ളതെന്നും ചോദിച്ചു. സത്യവാങ്മൂലം നല്കാന്‍ കേരളത്തിന് കോടതി കര്‍ശന നിര്‍ദ്ദേശം നല്കി.
ഓസ്‌ട്രേലിയക്കാരനായ വിദേശി ഉള്‍പ്പെട്ട ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മജിസ്‌ട്രേറ്റ് കോടതിയില്‍ മാറ്റി നല്കി തെളിവ് നശിപ്പിച്ചെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. 30 വര്‍ഷം മുന്‍പാണ് ഈ സംഭവം തിരുവനന്തപുരം കോടതിയില്‍ അരങ്ങേറിയത്. അടിവസ്ത്രത്തിലൊളിപ്പിച്ചാണ് പ്രതിയായ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. കേസില്‍ പ്രതിയുടെ അഭിഭാഷകനായിരുന്ന മുന്‍ ഗതാഗത മന്ത്രി ആന്റണി രാജുവും കോടതിയിലെ ഒരു ഉദ്യോഗസ്ഥനും ചേര്‍ന്നാണ് ഇയാളുടെ അടിവസ്ത്രത്തില്‍ കൃത്രിമം കാണിച്ച് കോടതിയില്‍ ഹാജരാക്കിയത്.
അടിവസ്ത്രം മാറിയത് അറിയാതെ കീഴ്ക്കോടതി ഓസ്ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ പത്തുവര്‍ഷം തടവിന് ശിക്ഷിച്ചു. കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോഴാണ് ഹാഷിഷ് ഒളിപ്പിച്ചു എന്നുപറയുന്ന അടിവസ്ത്രം ആന്‍ഡ്രൂവിന് പോയിട്ട് പത്തുവയസ്സുകാരനായ കുട്ടിക്കു പോലും ഇടാന്‍ കഴിയാത്തതാണെന്ന് ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകന്‍ വാദിച്ചത്. അതോടെ ഓസ്ട്രേലിയന്‍ പൗരനായ ആന്‍ഡ്രൂവിനെ ഹൈക്കോടതി വെറുതെ വിടുകയും ചെയ്തു. പിന്നീട് അന്വേഷണ ഉദ്യോഗസ്ഥനാണ് സംഭവത്തില്‍ തിരിമറിയുണ്ടെന്ന് ഹൈക്കോടതി വിജിലന്‍സിന് പരാതി നല്‍കിയത്. തുടര്‍ന്ന് അക്കാലത്ത് ഐജിയും പിന്നീട് സംസ്ഥാന പോലീസ് ചീഫുമായിരുന്ന ടിപി സെന്‍കുമാര്‍ പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
The Supreme Court criticized the state government in the case against Antony Raju