
ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തന്നെ അറസ്റ്റു ചെയ്തതിനെയും തുടര്‍ന്നുള്ള റിമാന്‍ഡിനെയും ചോദ്യം ചെയ്ത് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ഹര്‍ജി സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ പകപോക്കലെന്ന് വാദിച്ചിട്ടും അറസ്റ്റിനെ ചോദ്യം ചെയ്ത കെജ്രിവാളിന്റെ ഹര്‍ജി കോടതി മുമ്പ് തള്ളിയിരുന്നു. ഡല്‍ഹി ഹൈക്കോടതി വിധിയെ ചോദ്യം ചെയ്ത് അരവിന്ദ് കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.
ഡല്‍ഹി ഹൈക്കോടതിയുടെ അഭിപ്രായത്തില്‍, അറസ്റ്റിനെ ന്യായീകരിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് മതിയായ തെളിവുകള്‍ ഉണ്ടായിരുന്നു. കേസില്‍ അരവിന്ദ് കെജ്രിവാളിനെ അന്വേഷണ ഏജന്‍സി ഒമ്പത് തവണ വിളിപ്പിച്ചിരുന്നുവെങ്കിലും അദ്ദേഹം ഹാജരായില്ല എന്നതും ശ്രദ്ധേയമാണ്. മാത്രമല്ല, കെജ്രിവാളിന്റെ അറസ്റ്റിന്റെ സമയം തിരഞ്ഞെടുത്തതില്‍ കേന്ദ്ര ഏജന്‍സിയെ കുറ്റപ്പെടുത്താനാവില്ലെന്നും ജസ്റ്റിസ് സ്വരണ കാന്ത ശര്‍മയുടെ സിംഗിള്‍ ജഡ്ജി ബെഞ്ചിന്റെ 103 പേജുള്ള വിധിന്യായത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഡല്‍ഹി മദ്യ നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിന്റെ ഭാഗമായി മാര്‍ച്ച് 21 ന് എഎപി നേതാവിനെ അറസ്റ്റ് ചെയ്യുകയും അവസാന ഹിയറിംഗില്‍ ഏപ്രില്‍ 15 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. കേസില്‍ അറസ്റ്റിലാകുന്ന ആദ്യ സിറ്റിംഗ് മുഖ്യമന്ത്രിയാണ് കെജ്രിവാള്‍. ഇദ്ദേഹം ഇപ്പോള്‍ തിഹാര്‍ ജയിലിലാണ്.











