
ന്യൂഡല്‍ഹി: യുവനടിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ നടന്‍ സിദ്ദിഖ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് സിദ്ദിഖിന്റെ വാദം. എന്നാല്‍ സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ ആവശ്യമാണെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കും.
അതേസമയം, തന്നെയും കുടുംബത്തെയും നിയമവിരുദ്ധമായി പിന്തുടരാനും നിരീക്ഷിക്കാനും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അജ്ഞാത സംഘത്തെ നിയോഗിച്ചെന്ന് സിദ്ദിഖ് ആരോപിച്ചു. സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിലാണു ഈ ആരോപണമുള്ളത്. ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കെ ഇന്നലെയാണ് സിദ്ദിഖ് സുപ്രീം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.