
കണ്ണൂര്‍: ജനവാസ മേഖലയിലിറങ്ങി ഭീതി വിതച്ചതിനെത്തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ടോടെ കണ്ണൂര്‍ കേളകം അടക്കാത്തോട് നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തു. മയക്കുവെടി വെച്ച് പിടികൂടി കണ്ണവം റെയിഞ്ച് ഫോറസ്റ്റ് ഓഫീസില്‍ എത്തിച്ചപ്പോള്‍ തന്നെ കടുവ അവശ നിലയിലായിരുന്നു. മുഖത്തും ശരീരത്തും മുറിവുകളും ഉണ്ടായിരുന്നു. മാത്രമല്ല പഴുത്തുതുടങ്ങിയ വ്രണങ്ങളും കടുവയുടെ ശരീരത്തുണ്ടായിരുന്നു. കടുവയ്ക്ക് അനീമിയ ഉണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു.
അതേസമയം, ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശപ്രകാരം ഇന്ന് കടുവയുടെ പോസ്റ്റുമോര്‍ട്ടം നടത്തും. ഏറെ നാളായി ജനവാസ മേഖലയില്‍ തന്നെ തുടരുകയായിരുന്ന കടുവ പ്രദേശത്തെ വീടുകളിലെ വളര്‍ത്തുനായ്ക്കളെ പിടികൂടുന്നത് സ്ഥിരം സംഭവമായിരുന്നു. ഇതേത്തുടര്‍ന്ന് പലയിടങ്ങളിലും നിരോധനാജ്ഞ വരെ പ്രഖ്യാപിക്കേണ്ടിയും വന്നിട്ടുണ്ട്.
ഏറെ ശ്രമകരമായ ദൗത്യത്തിനൊടുവിലാണ് ഇന്നലെ കടുവയെ വെറ്ററിനറി ഡോക്ടറുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.