തമിഴകത്തെ കരയിച്ച വിഷമദ്യ ദുരന്തം ഇതുവരെ കവര്‍ന്നത് 47 ജീവനുകള്‍; 30 പേരുടെ നില ഗുരുതരം

ചെന്നൈ: തമിഴകം അടുത്തിടെ കണ്ട വലിയൊരു ദുരന്തമായിരുന്നു കള്ളക്കുറിച്ചിയിലെ വ്യാജ മദ്യ ദുരന്തം. മരണ സംഖ്യ 47 ലേക്ക് എത്തിയിരിക്കുകയാണ്. ചികിത്സയിലുള്ള 118 പേരില്‍ മുപ്പതോളം പേരുടെ നില ഗുരുതരമാണെന്ന് തമിഴ്നാട് സര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചു.

അതേസമയം, വ്യാഴാഴ്ച വരെ മരിച്ച 29 പേരുടെ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തതായും മൃതദേഹങ്ങള്‍ സംസ്‌കരിച്ചതായും കള്ളക്കുറിച്ചി ജില്ലാ കളക്ടര്‍ പ്രശാന്ത് എംഎസ് പറഞ്ഞു.

കള്ളകുറിച്ചി, ജിപ്മര്‍, സേലം, മുണ്ടിയമ്പാക്കം എന്നീ സര്‍ക്കാര്‍ ആശുപത്രികളിലായി 165 പേരെയാണ് പ്രവേശിപ്പിച്ചത്. കള്ളക്കുറിച്ചിയില്‍ ചികിത്സയിലുള്ള രോഗികളെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, രോഗബാധിതരായ മൂന്ന് പേര്‍ സുഖം പ്രാപിച്ചു എന്നുള്ളതാണ് സന്തോഷകരമായ വാര്‍ത്തയെന്നും കളക്ടര്‍ പറഞ്ഞു.

പൊതുജനങ്ങളില്‍ നിന്ന് അനധികൃത മദ്യം കഴിക്കുന്നവര്‍ സ്വമേധയാ ഉടന്‍ തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയരാകണമെന്നും മാത്രമല്ല, ആവശ്യെങ്കില്‍ ചികിത്സയ്ക്കും വിധേയരാകണമെന്നും കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.