
വാഷിംഗ്ടണ്‍: അപ്പോളോ യുഗത്തിന് ശേഷം ചന്ദ്രോപരിതലത്തില്‍ ആദ്യത്തെ ബഹിരാകാശ പേടകം സ്ഥാപിക്കാനുള്ള അമേരിക്കയുടെ പ്രതീക്ഷകള്‍ തല്‍ക്കാലം അവസാനിച്ചു. യുഎസിന്റെ ആദ്യ സ്വകാര്യ മൂണ്‍ ലാന്‍ഡര്‍ ദൗത്യം പരാജയപ്പെട്ടു.
യുണൈറ്റഡ് ലോഞ്ച് അലയന്‍സിന്റെ പുതിയ വള്‍ക്കന്‍ റോക്കറ്റിന്റെ മുകളില്‍ ഉറപ്പിച്ച ആസ്‌ട്രോബോട്ടിക്കിന്റെ പെരെഗ്രിന്‍ ലൂണാര്‍ ലാന്‍ഡര്‍ തിങ്കളാഴ്ച ഫ്‌ലോറിഡയിലെ കേപ് കനാവറല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനില്‍ നിന്ന് കുതിച്ചുയര്‍ന്നു, തുടര്‍ന്ന് വിക്ഷേപണ വാഹനത്തില്‍ നിന്ന് വിജയകരമായി വേര്‍പെടുത്തി.
എന്നാല്‍ ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം, ആസ്‌ട്രോബോട്ടിക് തകരാറുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങി. പേടകത്തിന്റെ പുറംഭാഗത്തെ തകരാറിലാക്കിയ ഒരു പ്രൊപ്പല്‍ഷന്‍ തകരാറ് കാരണം പെരെഗ്രിന്റെ സോളാര്‍ പാനല്‍ സൂര്യനു നേരെ ഓറിയന്റുചെയ്യാനും അതിന്റെ ബാറ്ററി ടോപ്പ് അപ്പ് ചെയ്യാനും കഴിയാതെ വന്നു.
ഇതോടെ ദൗത്യത്തിന് ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗിന് സാധ്യതയില്ലെന്ന് കമ്പനി അറിയിച്ചു.
പെരെഗ്രിന് ഏകദേശം 40 മണിക്കൂര്‍ ഇന്ധനം ശേഷിക്കുന്നു, ബഹിരാകാശ പേടകത്തിന്റെ പ്രൊപ്പല്ലന്റ് തീരുന്നതുവരെ പ്രവര്‍ത്തിപ്പിക്കാന്‍ പദ്ധതിയിട്ടതായി ആസ്‌ട്രോബോട്ടിക് പറഞ്ഞു.
ലോകത്തിലെ രണ്ടാമത്തെ സ്വകാര്യ ചാന്ദ്ര ദൗത്യമാണെങ്കിലും നാസയുടെ അപ്പോളോ 17 ന് ശേഷം ചന്ദ്രനിലേക്കുള്ള അമേരിക്കയുടെ തന്നെ ആദ്യ ദൗത്യം കൂടിയായിരുന്നു ഇത്. 192 മണിക്കൂറായിരുന്നു പദ്ധതിയുടെ ദൈര്‍ഘ്യം.
‘പോകാരി സ്വീറ്റ് ലൂണാര്‍ ഡ്രീം ടൈം കാപ്‌സ്യൂള്‍ എന്ന് പേരിട്ടിരിക്കുന്ന ജപ്പാനില്‍ നിന്നുള്ള കുട്ടികളുടെ സന്ദേശങ്ങളുടെ ശേഖരം ഉള്‍പ്പെടുന്ന പേലോഡും, നിരവധി ചിത്രങ്ങളും പുസ്തകങ്ങളും അടങ്ങുന്ന ജര്‍മനിയുടെ ഡിഎച്ച്എല്‍ മൂണ്‍ ബോക്‌സ് എന്ന പേലോഡും, സെയ്ഷെല്‍സില്‍ നിന്നും ഒരു ബിറ്റ്‌കോയിന്‍ ഉള്‍പ്പെടെയുള്ള നാണയങ്ങളുമാണ് പ്രോജക്ട് വഴി ചന്ദ്രനിലെത്താന്‍ തയ്യാറായിരുന്നത്. എന്നാല്‍ എല്ലാം വിഫലമാകുകയായിരുന്നു.