
ടോക്കിയോ: വ്യാഴാഴ്ച രാവിലെ ജാപ്പനീസ് വിമാനത്താവളത്തില്‍ രണ്ട് പാസഞ്ചര്‍ ജെറ്റുകളുടെ ചിറകിന്റെ അറ്റം പരസ്പരം ഉരസിയതായി റിപ്പോര്‍ട്ട്. സംഭവത്തില്‍ യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കേറ്റിട്ടില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒസാക്കയിലെ ഇറ്റാമി വിമാനത്താവളത്തിന്റെ ആഭ്യന്തര ടെര്‍മിനലില്‍ രാവിലെ 10:00 ന് (പ്രാദേശിക സമയം) രണ്ട് ഓള്‍ നിപ്പോണ്‍ എയര്‍വേയ്സ് വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ ഉരസി നീങ്ങുകയായിരുന്നു.
ഈ വര്‍ഷം തുടക്കം മുതല്‍ ജാപ്പനീസ് വിമാനങ്ങളും വിമാനത്താവളങ്ങളും ഉള്‍പ്പെട്ട അപകടങ്ങളുടെ തോത് വര്‍ദ്ധിക്കുകയാണ്. ജനുവരി രണ്ടിന് ജപ്പാന്‍ എയര്‍ലൈന്‍സ് വിമാനവും ചെറിയ കോസ്റ്റ് ഗാര്‍ഡ് വിമാനവും തമ്മില്‍ ഹനേഡ വിമാനത്താവളത്തില്‍ ഉണ്ടായ അപകടമാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ഗുരുതരമായത്. അപകടത്തില്‍ ജെഎഎല്‍ എയര്‍ബസിലുണ്ടായിരുന്ന 379 പേരും വിമാനത്തിന് തീപിടിക്കുന്നതിന് തൊട്ടുമുമ്പ് രക്ഷപ്പെട്ടു. ചെറിയ വിമാനത്തിലുണ്ടായിരുന്ന ആറുപേരില്‍ അഞ്ചുപേരും മരണപ്പെടുകയും ചെയ്തിരുന്നു.