4 വയസ്സുള്ള മകനെ കൊന്ന് മൃതദേഹം ബാഗിലാക്കി യാത്രചെയ്ത യുവതി പിടിയില്‍

പനാജി: നാലുവയസുകാരനെ കൊന്ന് മൃതദേഹം ബാഗിലാക്കി ഒന്നും സംഭവിക്കാത്ത മട്ടില്‍ യാത്ര ചെയ്ത അമ്മ അറസ്റ്റില്‍. മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത് ഗോവയിലെ ഒരു ഹോട്ടല്‍ മുറിയിലാണ്. ബംഗളുരുവിലെ ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനിയുടെ സിഇഒ കൂടിയായ സുചന സേഠ് എന്ന 39 കാരിയാണ് സ്വന്തം മകനെ കൊലപ്പെടുത്തിയതിന് പിടിയിലായത്.

നോര്‍ത്ത് ഗോവയിലെ കണ്ടോലിമിലെ ഒരു ഹോട്ടലില്‍ യുവതിയും മകനും ശനിയാഴ്ചയാണ് മുറിയെടുത്തത്. ഇന്നലെ മുറി ഒഴിയും മുമ്പ് കൊലപാതകം നടത്തി മൃതദേഹം ബാഗിലാക്കുകയായിരുന്നു യുവതി. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരോട് ബംഗളുരുവിലേക്ക് പോകാന്‍ ടാക്‌സി ആവശ്യപ്പെട്ടു. വിമാനമാര്‍ഗം പോകുന്നതാണ് നല്ലതെന്നും ചിലവ് അതിലൂടെ ചിലവ് കുറയ്ക്കാനാകുമെന്നും ജീവനക്കാര്‍ പറഞ്ഞെങ്കിലും യുവതി ടാക്‌സി വേണമെന്ന് നിര്‍ബന്ധം പിടിക്കുകയായിരുന്നു. തുടര്‍ന്ന് അവര്‍ ഏര്‍പ്പാടാക്കിയ വാഹനത്തില്‍ യുവതി യാത്ര തുടങ്ങി.

യുവതി പോയതോടെ മുറി വൃത്തിയാക്കാന്‍ എത്തിയ ജീവനക്കാര്‍ മുറിയില്‍ രക്തക്കറ കാണുകയും സംശയം തോന്നിയതോടെ പൊലീസില്‍ അറിയിക്കുകയുമായിരുന്നു. പൊലീസ് എത്തി നടത്തിയ പരിശോധനയില്‍ യുവതി കുട്ടിയില്ലാതെയാണ് മടക്കയാത്ര പുറപ്പെട്ടതെന്ന് മനസിലാക്കി. തുടര്‍ന്ന് ടാക്‌സി ഡ്രൈവറെ വിളിച്ച് ഫോണ്‍ യുവതിക്കുകൊടുക്കാന്‍ ആവശ്യപ്പെട്ടു. മകനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ അവനെ ഫട്ടോര്‍ഡയിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ എത്തിച്ചുവെന്നാണ് സുചന പറഞ്ഞത്. തുടര്‍ന്ന് ആ വീടിന്റെ വിശദ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പൊലീസ് എല്ലാം വ്യാജമാണെന്ന് മനസിലാക്കി. വീണ്ടും ടാക്‌സി ഡ്രൈവറെ ബന്ധപ്പെട്ട പൊലീസ് കൊങ്കണിയില്‍ അയാളോട് സംസാരിക്കുകയും വണ്ടി എത്രയും പെട്ടന്ന് അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കാനും യുവതിക്ക് സംശയം ഒന്നും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കാനും പറഞ്ഞു. പൊലീസ് നല്‍കിയ നിര്‍ദേശം അക്ഷരംപ്രതി അനുസരിച്ച ഡ്രൈവര്‍ അപ്പോഴേക്കും ടാക്‌സിയുമായി ചിത്രദുര്‍ഗ ജില്ലയില്‍ പ്രവേശിച്ചിരുന്നു.

വേഗത്തില്‍ ഡ്രൈവര്‍ കാര്‍ ഐമംഗല പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. അവിടെയുള്ള ഒരു ഉദ്യോഗസ്ഥന്‍ കാര്‍ പരിശോധിച്ചപ്പോള്‍ സൂചനയ്‌ക്കൊപ്പമുണ്ടായിരുന്ന ബാഗില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകത്തിന്റെ കാരണം ഇനിയും വ്യക്തമായിട്ടില്ല.

Also Read

More Stories from this section

family-dental
witywide